വഖഫ് ബോർഡ് അധികാരങ്ങൾ വെട്ടിക്കുറയ്ക്കാൻ കേന്ദ്രസർക്കാർ
സ്വന്തം ലേഖകൻ
Monday, August 5, 2024 1:44 AM IST
ന്യൂഡൽഹി: വഖഫ് ബോർഡിന്റെ അധികാരപരിധി വെട്ടിക്കുറയ്ക്കാൻ നീക്കവുമായി കേന്ദ്രസർക്കാർ. നടപ്പ് പാർലമെന്റ് സമ്മേളനത്തിൽ നിയമഭേദഗതി കൊണ്ടുവരാനാണ് സർക്കാർ ഒരുങ്ങുന്നത്. ഒരു ഭൂമി വഖഫ് സ്വത്തായി പ്രഖ്യാപിക്കുന്നതടക്കമുള്ള ബോർഡിന്റെ അധികാരങ്ങൾ നിർവചിക്കുന്നതടക്കമുള്ള 40 ഓളം ഭേദഗതികൾ കൊണ്ടുവന്നേക്കുമെന്നാണ് സൂചന. കഴിഞ്ഞയാഴ്ച നടന്ന കേന്ദ്ര മന്ത്രിസഭായോഗം ബില്ലിന് അംഗീകാരം നൽകിയിരുന്നു.
കേന്ദ്രസർക്കാർ നിർവചിക്കുന്ന ഭേദഗതികൾ പ്രകാരം വഖഫ് ബോർഡിന് വസ്തുക്കളുടെ മേൽ അവകാശം ഉന്നയിക്കാൻ ലഭിച്ചിരുന്ന അനിയന്ത്രിത അധികാരം എടുത്തുമാറ്റും. കൂടാതെ ഇതു നിർബന്ധിത പരിശോധനയ്ക്കു വിധേയമാക്കുകയും ചെയ്യും. കേന്ദ്ര വഖഫ് കൗണ്‍സിലിന്റെയും സംസ്ഥാന വഖഫ് ബോർഡുകളുടെയും ഘടനയിൽ മാറ്റം വരുത്താനും കരട് ഭേദഗതി നിർദേശിക്കുന്നുണ്ട്. കൂടാതെ വഖഫ് സ്വത്തുക്കൾ ദുരുപയോഗം ചെയ്യുന്നതു തടയാനായി ഇവയുടെ മേൽനോട്ടം ജില്ലാ മജിസ്ട്രേറ്റിനെ ഏൽപ്പിക്കാനും കേന്ദ്രസർക്കാർ ആലോചിക്കുന്നുണ്ട്.
നിലവിൽ വഖഫിന്റെ അധികാരത്തിലുള്ള വസ്തുവകകൾ മുസ്ലിം സമൂഹത്തിന്റെ ഉന്നമനത്തിനായി ഉപയോഗിക്കുകയെന്നതാണ് വഖഫ് ബോർഡിന്റെ ഉത്തരവാദിത്വം. രാജ്യത്തുടനീളം 30 വഖഫ് ബോർഡുകളാണുള്ളത്. പുതിയ നിയമഭേദഗതി വരുന്നതോടെ ഒരു ഭൗതികവസ്തുവോ മറ്റോ വഖഫിനു നൽകിയാൽ അതിന്മേൽ സർക്കാരിനു പരിശോധന നടത്തി ഉറപ്പുവരുത്താം. അതിനുശേഷം മാത്രമേ ബോർഡിന് ആ വസ്തുവിനുമേൽ അവകാശം ലഭിക്കുകയുള്ളൂ.