എസ്സി, എസ്ടി സംവരണം : സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്ന് ബിഎസ്പി
Monday, August 5, 2024 1:44 AM IST
ലക്നോ: പട്ടികജാതി, പട്ടികവർഗങ്ങളെ ഉപവിഭാഗങ്ങളായി തിരിക്കാനുള്ള സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. എസ്സി, എസ്ടിക്കാർ നേരിടുന്ന അതിക്രമങ്ങളും അവഗണനയും തുല്യമായാണ് ഈ വിഭാഗം നേരിടുന്നത്. ഈ വിഭഗങ്ങൾക്കിടയിൽ ഏതെങ്കിലും ഉപവർഗീകരണം നടത്തുന്നത് ശരിയല്ലെന്നും മായാവതി പറഞ്ഞു.
ലക്നോവിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ പാർട്ടി സമീപിച്ചിട്ടുണ്ട്. ദളിതർക്കും ആദിവാസികൾക്കും സ്വന്തംകാലിൽ നിൽക്കാൻ അംബേദ്ക്കർ നൽകിയ സംവരണം രാജ്യം അവസാനിപ്പിച്ചാൽ അത് വലിയ ബുദ്ധിമുട്ടാകുമെന്നും മായവതി പറഞ്ഞു.
ആദിവാസി, ദളിത് വിഭാഗങ്ങളിൽ 90 ശതമാനത്തിന്റെയും അവസ്ഥ ഇപ്പോഴും മോശമാണ്. എസ്സി, എസ്ടി വിഭാഗങ്ങളുടെ സംരക്ഷകരാണെന്നു പറയുന്ന ബിജെപിയും കേന്ദ്രവും ഇക്കാര്യത്തിൽ ഒന്നും ചെയ്തില്ല. കോൺഗ്രസും അവ്യക്തമായ നിലപാടാണ് സ്വീകരിച്ചതെന്നും മായാവതി കൂട്ടിച്ചേർത്തു.