വയനാട് ദുരന്തം : വീടുകൾ നഷ്ടപ്പെട്ടവർക്ക് പുനരധിവാസ പദ്ധതിയുമായി എച്ച്ആർഡിഎസ് ഇന്ത്യ
Sunday, August 4, 2024 1:35 AM IST
ന്യൂഡൽഹി: വയനാട്ടിൽ ഉരുൾപൊട്ടലിൽ പൂർണമായി നശിച്ച ചൂരൽമല ഗ്രാമം സർക്കാരിന് യാതൊരു സാന്പത്തികബാധ്യതയുമില്ലാതെ പുനർനിർമിച്ചു നൽകാൻ തയാറാണെന്ന് എച്ച്ആർഡിഎസ് ഇന്ത്യ സെക്രട്ടറി അജികൃഷ്ണൻ അറിയിച്ചു. ഇതിനുള്ള സമ്മതപത്രവും പദ്ധതിരേഖയും മുഖ്യമന്ത്രിക്കു സമർപ്പിച്ചു.
വീടുകൾ പൂർണമായി നഷ്ടപ്പെട്ട മുഴുവൻപേർക്കും എച്ച്ആർഡിഎസ് ഇന്ത്യ സൗജന്യമായി വീടുകൾ നിർമിച്ചുനൽകും. ഇതിനാവശ്യമായ സ്ഥലം സർക്കാർ ഏറ്റെടുത്തുനൽകണം. രണ്ടു കിടപ്പുമുറികൾ, ഹാൾ, അടുക്കള, ശുചിമുറി, വരാന്ത, അതിഥിമുറി എന്നിവ ഉൾപ്പെടുന്ന വീടുകളാണു നിർമിക്കുക.
കൂടാതെ കുടിവെള്ളം, വൈദ്യുതിസൗകര്യങ്ങൾ, കളിസ്ഥലം, ഓഡിറ്റോറിയം, വിദ്യാലയം തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങളും ഒരുക്കും. പൊതുസ്ഥാപനങ്ങൾ നിർമിക്കുന്നതിന് 20 ഏക്കറും ഓരോ വീടിനും പത്തു സെന്റ് വീതവും ഭൂമി ഏറ്റെടുത്തു സർക്കാർ നൽകണം. ഗുണഭോക്താക്കളെ സർക്കാർ നിശ്ചയിച്ചുനൽകണം.
സർവസന്പാദ്യവും നഷ്ടപ്പെട്ടുപോയവർക്ക് അതിജീവനത്തിനുള്ള മാർഗം കണ്ടെത്തി നൽകുന്നതിന്റെ ഭാഗമായി വയനാടിന്റെ വിനോദസഞ്ചാര സാധ്യതകൾ പ്രയോജനപ്പെടുത്തി ഓരോ വീട്ടിലും ടൂറിസത്തിനായി പ്രത്യേക മുറികൂടി നിർമിക്കും.
പുറത്തുനിന്ന് വാതിലുള്ള ഈ മുറിയിൽ രണ്ടു കിടക്കകൾ, പാചകസൗകര്യം, ഫ്രിഡ്ജ്, അറ്റാച്ച്ഡ് ബാത്ത്റൂം, വരാന്ത എന്നിവയുണ്ടാകും. 3000 രൂപയെങ്കിലും ദിവസവാടകയിനത്തിൽ വരുമാനം ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ഈ പ്രദേശത്തേക്ക് വിദേശികളടക്കമുള്ള സഞ്ചാരികളെ എത്തിക്കാനുള്ള ക്രമീകരണങ്ങളും എച്ച്ആർഡിഎസ് നിർവഹിക്കും.
വിശദമായ പദ്ധതിരേഖ തയാറാക്കി ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും വിദഗ്ധരുമടങ്ങിയ സമിതിയിൽ ചർച്ചചെയ്ത് ഡിപിആർ സർക്കാരിന് സമർപ്പിക്കും. എച്ച്ആർഡിഎസ് പ്രസിഡന്റ് സ്വാമി ആത്മനന്പിയുടെ ബ്രസീലിലെ ആശ്രമത്തിന്റെ സഹായത്തോടെ എത്രയും വേഗം പുനർനിർമാണപദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.
സർക്കാർ സ്ഥലം ലഭ്യമാക്കിയാൽ 180 ദിവസംകൊണ്ട് ഫുൾ ഫർണിഷ്ഡ് വീടുകൾ നിർമിച്ച് താക്കോൽ കൈമാറാൻ തയാറാണെന്ന് ഭാരവാഹികൾ ഡൽഹിയിൽ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.
എച്ച്ആർഡിഎസ് എമരിറ്റസ് ചെയർമാൻ ഡോ. എസ്. കൃഷ്ണകുമാർ, ഫൗണ്ടർ സെക്രട്ടറി അജികൃഷ്ണൻ, ചീഫ് പ്രോജക്ട് കോ-ഓർഡിനേറ്റർ ജോയ് മാത്യു, അഡ്വൈസറി ബോർഡ് ചെയർമാൻ സഞ്ജീവ് ഭട്നാകർ, ഒഎസ്ഡി സജി കരുണാകരൻ, ജിതേന്ദർ ഭണ്ഡാരി, ജുനായി ബിശ്വാസ് തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.