വയനാട് ദുരന്തം: പാർലമെന്റിൽ
Thursday, August 1, 2024 2:03 AM IST
വയനാട് ദുരന്തത്തെക്കുറിച്ച് കേരളത്തിൽനിന്നുള്ള എംപിമാർ രാഷ്ട്രീയവ്യത്യാസമില്ലാതെ ഇന്നലെയും പാർലമെന്റിന്റെ ഇരു സഭകളിലും സംസാരിച്ചു.
രാഹുൽ ഗാന്ധി
സാധിക്കാൻ കഴിയുന്ന എല്ലാ സഹായവും വയനാടിന് കേന്ദ്രസർക്കാർ ഉറപ്പാക്കണം.
ഫ്രാൻസിസ് ജോർജ്
വ്യാപകമായ പ്രകൃതിദുരന്തങ്ങൾ കേരളത്തിലുണ്ടാകുമെന്ന് യുഎന്നിന്റെ കാലാവസ്ഥാ പഠന റിപ്പോർട്ടുണ്ട്. ഇതിനെതിരേ സംസ്ഥാനത്തിന് മുൻകരുതൽ നൽകാൻ കേന്ദ്രസർക്കാർ എന്തു നടപടിയാണു സ്വീകരിച്ചിരിക്കുന്നത്. ദുരിതാശ്വാസ പാക്കേജിൽ കേരളത്തെയും ഉൾപ്പെടുത്തണം.
കെ.സി. വേണുഗോപാൽ
കേരളം ഒറ്റക്കെട്ടായാണു വയനാട് ദുരന്തത്തെ നേരിടുന്നത്. സർക്കാർ ഹ്രസ്വ-ദീർഘകാല ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തണം. അടിയന്തര രക്ഷാപ്രവർത്തനത്തിന് കൂടുതൽ നടപടികൾ സ്വീകരിക്കണം.
കെ. രാധാകൃഷ്ണൻ
കേരളം കണ്ട ഏറ്റവും വലിയ ദുരന്തമാണ് വയനാട്ടിൽ സംഭവിച്ചത്. കേന്ദ്ര -സംസ്ഥാന സർക്കാരുകൾ ദുരന്തമുഖത്ത് സജീവമാണ്. വയനാട് സംഭവം ദേശീയദുരന്തമായി പ്രഖ്യാപിക്കണം.
ജോണ് ബ്രിട്ടാസ്
കഴിഞ്ഞ ഏഴു വർഷത്തിനിടയിൽ രാജ്യത്തുണ്ടായ ഉരുൾപൊട്ടലിൽ 70 ശതമാനവും കേരളത്തിലാണു സംഭവിച്ചത്. ഇത് കണക്കിലെടുത്ത് കേന്ദ്രബജറ്റിൽ പ്രളയബാധിത സംസ്ഥാനങ്ങൾക്കു നൽകുന്ന സഹായത്തിൽ കേരളത്തെയും ഉൾപ്പെടുത്തണം.
ജെബി മേത്തർ
വയനാട് ഉരുൾപൊട്ടൽ ദേശീയദുരന്തമായി പ്രഖ്യാപിക്കുന്നതോടൊപ്പം 5000 കോടിയുടെ പാക്കേജ് സംസ്ഥാനത്തിന് അനുവദിക്കണം. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 25 ലക്ഷം വീതം നഷ്ടപരിഹാരം ലഭ്യമാക്കണം.
എൻ.കെ. പ്രേമചന്ദ്രൻ
ദുരന്തബാധിതരുടെ പുനരധിവാസത്തിന് എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിക്കാൻ കേന്ദ്രസർക്കാർ അനുവദിക്കണം. മാധവ് ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകൾ വിശദമായി ചർച്ച ചെയ്തു നടപടികൾ സ്വീകരിക്കണം.
ഹാരിസ് ബീരാൻ
ഇനിയൊരു ദുരന്തം ആവർത്തിക്കാതിരിക്കാൻ സാങ്കേതികത്തികവുള്ള സംവിധാനം രൂപപ്പെടുത്തണം.
ഡോ. വി. ശിവദാസൻ
വയനാട് ഉരുൾപൊട്ടൽ ദേശീയദുരന്തമായി പ്രഖ്യാപിക്കണം. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ നടപടികൾ സ്വീകരിക്കണം.
എ.എ. റഹീം
കൃത്യമായി പ്രവർത്തിക്കുന്ന ആധുനിക റഡാർ കാലാവസ്ഥാ പ്രവചന സംവിധാനം കേരളത്തിൽ ഇല്ല. 2013 മുതൽ കേരളം ആധുനിക ഡോപ്ലർ റഡാർ ആവശ്യപ്പെടുന്നു.
എല്ലാ വർഷവും പ്രളയം നേരിടുന്ന കേരളത്തിന് ആധുനിക കാലാവസ്ഥാ പ്രവചന സംവിധാനം ലഭ്യമാക്കണം.