വിലക്കു നീക്കി; സർക്കാർ ജീവനക്കാർക്ക് ആർഎസ്എസിൽ ചേരാം
Tuesday, July 23, 2024 2:17 AM IST
ന്യൂഡൽഹി: സംഘപരിവാർ സംഘടനകളിൽ ചേർന്നു പ്രവർത്തിക്കുന്നതിനു സർക്കാർ ജീവനക്കാർക്കുള്ള വിലക്കു നീക്കി കേന്ദ്രസർക്കാർ. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് കഴിഞ്ഞദിവസം പുറത്തുവന്നു.
കേന്ദ്രസർക്കാർ തീരുമാനം രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്തുമെന്നാണ് കേന്ദ്രസർക്കാർ തീരുമാനത്തോട് ആർഎസ്എസ് നേതൃത്വത്തിന്റെ പ്രതികരണം. രാഷ്ട്ര പുനർനിർമാണത്തിന് നിരന്തരം പ്രവർത്തിക്കുന്ന ആർഎസ്എസ് 99 വർഷമായി ജനങ്ങൾക്കുവേണ്ടിയുള്ള സേവനത്തിലാണെന്നും ആർഎസ്എസ് വക്താവ് സുനിൽ അംബേദ്കർ പറഞ്ഞു.
തീരുമാനത്തെ സ്വാഗതം ചെയ്ത അദ്ദേഹം രാഷ്ട്രീയതാത്പര്യം മുൻനിർത്തിയാണ് മുൻകാലത്ത് സർക്കാരുകൾ ആർഎസ്എസിനെ വിലക്കിയതെന്നും ആരോപിച്ചു.
അതേസമയം, ഇത്തരം നീക്കങ്ങൾ പൊതുജനസേവകരുടെ നിഷ്പക്ഷത ഇല്ലാതാക്കുമെന്ന് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ കുറ്റപ്പെടുത്തി.
സ്വാതന്ത്ര്യം ലഭിച്ചശേഷം രാജ്യം ത്രിവർണപതാകയെ ഏറ്റെടുത്തപ്പോൾ എതിർത്തവരാണ് ആർഎസ്എസുകാർ. ഇതിനെതിരേ സർദാർ പട്ടേൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഗാന്ധിവധത്തെത്തുടർന്ന് 1948 ഫെബ്രുവരിയിൽ ആർഎസ്എസിനെ സർദാർ പട്ടേൽ നിരോധിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി.