ജിഡിപി വളർച്ച ഈ വർഷം കുറവ്
Tuesday, July 23, 2024 2:17 AM IST
ന്യൂഡൽഹി: ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 6.5 മുതൽ ഏഴു ശതമാനം വരെ ഈ സാന്പത്തികവർഷത്തിൽ വളരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ.
മുൻ സാന്പത്തികവർഷം കണക്കാക്കിയ 8.2 ശതമാനം സാന്പത്തികവളർച്ചാ നിരക്കിനേക്കാൾ കുറവാണ് 2024-25ലെ പ്രതീക്ഷിക്കുന്ന വളർച്ചയെന്നു പാർലമെന്റിൽ ഇന്നലെ അവതരിപ്പിച്ച 2023-24ലെ സാന്പത്തിക സർവേ വ്യക്തമാക്കി.
കയറ്റുമതിയെ ബാധിച്ചേക്കാവുന്ന ആഗോള വെല്ലുവിളികൾക്കിടയിലാണ് ഏഴു ശതമാനം വരെ ജിഡിപി വളർച്ച പ്രതീക്ഷിക്കുന്നതെന്നു ധനമന്ത്രി പറഞ്ഞു. എന്നാൽ 6.5 മുതൽ ഏഴു വരെ ശതമാനം സാന്പത്തിക വളർച്ച കൈവരിക്കുന്നതിന് കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരുകളും സ്വകാര്യമേഖലയും തമ്മിലുള്ള ത്രികക്ഷി കരാർ ആവശ്യമാണെന്ന് സർവേ പറയുന്നു. 2025 മാർച്ചിൽ അവസാനിക്കുന്ന സാന്പത്തിക വർഷത്തിൽ റിസർവ് ബാങ്ക് പ്രവചിച്ചിരുന്ന 7.2 ശതമാനം ജിഡിപി വളർച്ചയിലും കുറവാണു പുതിയ കണക്ക്.
ഇന്നത്തെ കേന്ദ്രബജറ്റിന് മുന്നോടിയായാണു പതിവുപോലെ മുൻ വർഷത്തെ സാന്പത്തികനിലയുടെ സ്ഥിതി വ്യക്തമാക്കുന്ന ഇക്കണോമിക് സർവേ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. കോവിഡിനു മുന്പുള്ള സാന്പത്തിക വളർച്ചയ്ക്ക് അടുത്തെത്തിയിട്ടുണ്ടെന്ന് സർവേ ചൂണ്ടിക്കാട്ടി.
2023-24 സാന്പത്തികവർഷത്തിൽ ഐടി മേഖലയിൽ വലിയ തൊഴിൽ നഷ്ടം ഉണ്ടായതായി സാന്പത്തിക സർവേയിലുണ്ട്. പുതിയ നിയമനങ്ങൾ കുറവായിരുന്നെങ്കിലും നടപ്പുവർഷം കൂടുതൽ തൊഴിൽ നഷ്ടം ഉണ്ടാകാൻ സാധ്യതയില്ലെന്നാണു സർവേയുടെ വിലയിരുത്തൽ.
ആഗോള സാധ്യതകൾ പ്രയോജനപ്പെടുത്തിയതിനാൽ രാജ്യത്തെ സാന്പത്തിക വിപണികൾ പുതിയ ഉയരങ്ങൾ കീഴടക്കി. എന്നാൽ ആഗോളതലത്തിൽ ബാധിക്കാവുന്ന പ്രശ്നങ്ങളും തിരുത്തലുകളും വിപണിയിൽ ഉണ്ടായാൽ ഇന്ത്യയുടെ ആഭ്യന്തര ധനസ്ഥിതിയിലും കോർപറേറ്റ് മൂല്യത്തിലും ഇടിവും തിരിച്ചടിയും ഉണ്ടായേക്കുമെന്നും സാന്പത്തിക സർവേ മുന്നറിയിപ്പു നൽകി.
കേന്ദ്ര ബജറ്റ് ഇന്ന്
ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻഡിഎ സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്. തുടർച്ചയായ ഏഴാം ബജറ്റാണ് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് അവതരിപ്പിക്കുക.
ലോക്സഭയിലും രാജ്യസഭയിലും 20 മണിക്കൂർ വീതം ബജറ്റ് ചർച്ചയും നടത്തും. ഇന്നലെ ഇരുസഭകളുടെയും ബിസിനസ് അഡ്വൈസറി കമ്മിറ്റി (ബിഎസി) ചേർന്ന് ബജറ്റ് സമ്മേളനത്തിന്റെ അജണ്ടകൾ ക്രമീകരിച്ചു.