കേരളം പാർലമെന്റിൽ: ""വന്യജീവി ആക്രമണം തടയണം''
Tuesday, July 23, 2024 1:36 AM IST
ന്യൂഡൽഹി: കേരളത്തിലെ വന്യജീവി ആക്രമണം തടയാൻ സാങ്കേതിക വിദ്യയടക്കമുള്ള സൗകര്യങ്ങൾ ഉപയോഗിക്കണമെന്ന് കെ.സി. വേണുഗോപാൽ ലോക്സ ഭയിൽ ആവശ്യപ്പെട്ടു.കാമറ ട്രാപ്പുകൾ, ഡ്രോണുകൾ, മുന്നറിയിപ്പ് നല്കുന്നതിനാവശ്യമായ സെൻസറുകൾ, ജിപിഎസ് സൗകര്യം തുടങ്ങിയവ ഉപയോഗിക്കണം.
പ്രത്യേക വാഹങ്ങളടക്കം അനുവദിച്ച റാപ്പിഡ് റെസ്പോണ്‍സ് ടീമുകളെ വിന്യസിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ ജനജാഗ്രത നടപടികളടക്കമുള്ള കാര്യങ്ങൾ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുതലപ്പൊഴി വിഷയത്തിൽ ശാശ്വത പരിഹാരം സ്വീകരിക്കണമെന്ന് അടൂർ പ്രകാശ് ആവശ്യപ്പെട്ടു. ആവർത്തിച്ചു ണ്ടാകുന്ന ദുരന്തത്തിൽ നിരവധി മത്സ്യത്തൊഴിലാളികൾക്ക് ജീവൻ നഷ്ടപ്പെടുന്നുവെന്നും ഉടൻ പരിഹാരം വേണമെന്നും മേഖലയുടെ സംരക്ഷണത്തിനായി പ്രത്യേക പദ്ധതി നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോഴിക്കോട്ട് എയിംസ് എന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിക്കണമെന്ന് ജോണ്‍ ബ്രിട്ടാസ് ആവശ്യപ്പെട്ടു.
മഴക്കെടുതിയിൽ കേരളത്തിന് അടിയന്തര സഹായം ലഭ്യമാക്കണമെന്ന് ബെന്നി ബഹനാൻ ആവശ്യപ്പെട്ടു.