കേന്ദ്ര സർവകക്ഷി യോഗം : കൻവാർ യാത്ര അടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ച് പ്രതിപക്ഷം
സ്വന്തം ലേഖകൻ
Monday, July 22, 2024 3:31 AM IST
ന്യൂഡൽഹി: ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ നീറ്റ് ചോദ്യപേപ്പർ ചോർച്ച, കൻവാർ യാത്ര തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ പാർട്ടികൾ.
ഡെപ്യൂട്ടി സ്പീക്കറെ നിയമിക്കുന്നതടക്കമുള്ള ആവശ്യം കോണ്ഗ്രസ് യോഗത്തിൽ ഉന്നയിച്ചു. പാർലമെന്ററികാര്യ മന്ത്രി കിരണ് റിജിജുവിന്റെ നേതൃത്വത്തിൽ ഇന്നലെയാണ് സർവകക്ഷി യോഗം ചേർന്നത്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് യോഗത്തിൻ അധ്യക്ഷത വഹിച്ചു.
കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ, കോണ്ഗ്രസ് നേതാക്കളായ ഗൗരവ് ഗൊഗോയ്, ജയറാം രമേശ്, കൊടിക്കുന്നിൽ സുരേഷ് എന്നിവർ പങ്കെടുത്തു. എൽജെപി (രാം വിലാസ്) നേതാവ് ചിരാഗ് പാസ്വാൻ, സമാജ്വാദി പാർട്ടിയുടെ രാം ഗോപാൽ യാദവ്, ആം ആദ്മി പാർട്ടിയുടെ സഞ്ജയ് സിംഗ്, എഐഎംഐഎമ്മിന്റെ അസദുദ്ദീൻ ഒവൈസി, നാഷണലിസ്റ്റ് കോണ്ഗ്രസ് പാർട്ടിയുടെ പ്രഫുൽ പട്ടേൽ എന്നിവരും യോഗത്തിൽ പങ്കെടുത്തു. അതേസമയം തൃണമൂൽ കോണ്ഗ്രസ് യോഗത്തിൽ പങ്കെടുത്തില്ല.
സമാജ്വാദി പാർട്ടിയാണ് കൻവാർ യാത്രയുമായി ബന്ധപ്പെട്ട ഉത്തർപ്രദേശ് സർക്കാരിന്റെ വിവാദ നിർദേശം ഉന്നയിച്ചത്. നീറ്റ് ചോദ്യപേപ്പർ ചോർച്ച, ഡെപ്യൂട്ടി സ്പീക്കറുടെ നിയമനം, മണിപ്പുർ വിഷയം തുടങ്ങിയ കാര്യങ്ങൾ കോണ്ഗ്രസ് ഉന്നയിച്ചു. ലോക്സഭാ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ഒഴിഞ്ഞ കിടക്കരുതെന്നും അക്കാര്യത്തിൽ തീരുമാനം ഉണ്ടാകണമെന്നും കോണ്ഗ്രസ് നേതാണ് ഗൗരവ് ഗൊഗോയ് ആവശ്യപ്പെട്ടു.
അതേസമയം ബിഹാറിനും ആന്ധ്രാപ്രദേശിനും പ്രത്യേക പദവി വേണമെന്ന ആവശ്യം ജനതാദൾ (യുണൈറ്റഡ്), ജഗൻ മോഹൻ റെഡ്ഢിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആർസിപിയും ആവശ്യപ്പെട്ടു. എന്നാൽ ഈ വിഷയത്തിൽ ബിജെപിയുടെ സഖ്യകക്ഷിയായ തെലുങ്കു ദേശം പാർട്ടി (ടിഡിപി) മൗനം പാലിക്കുകയാണുണ്ടായത്.
നാളെയാണ് കേന്ദ്ര ബജറ്റ് ധനകാര്യമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്നത്. ലോക്സഭാ സമ്മേളനത്തിൽ റെയിവേ സുരക്ഷ, ജമ്മു കാഷ്മീരിൽ തുടരുന്ന ഭീകരാക്രമണം അടക്കമുള്ള വിഷയങ്ങൾ കേന്ദ്രസർക്കാരിനെതിരേ പാർലമെന്റിൽ ഉന്നയിക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ ശ്രമം.