യുപിഎസ്സി ചെയർമാൻ മനോജ് സോണി രാജിവച്ചു
Sunday, July 21, 2024 1:16 AM IST
ന്യൂഡൽഹി: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്സി) ചെയർമാൻ മനോജ് സോണി രാജിക്കത്ത് നൽകി. രണ്ടാഴ്ച മുന്‍പ് രാജി നൽകിയതാണെന്നും എന്നാൽ ഇതുവരെ രാജി അംഗീകരിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
വ്യക്തിപരമായ കാരണങ്ങളാലാണു രാജിയെന്നാണു മനോജ് സോണി രാജിക്കത്തിൽ പറഞ്ഞിരിക്കുന്നത്. 2029 വരെ ചെയർമാൻ സ്ഥാനത്ത് തുടരാൻ സാധിക്കുമെന്നിരിക്കെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുപ്പക്കാരനായ മനോജ് സോണിയുടെ അപ്രതീക്ഷിതമായ രാജി പ്രഖ്യാപനം.
ഐഎഎസ് ട്രെയിനി പൂജ ഖേദ്കറുടെ നിയമനവുമായി ബന്ധപ്പെട്ട് യുപിഎസ്സി വിവാദത്തിലകപ്പെട്ടിരിക്കെയാണു ചെയർമാന്റെ രാജി. എന്നാൽ മനോജ് സോണിയുടെ രാജിക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും വിവാദം പുറത്തുവരുന്നതിന് മുന്‍പേ അദ്ദേഹം രാജിക്കത്ത് നൽകിയെന്നുമാണ് ബന്ധപ്പെട്ടവർ നൽകുന്ന വിശദീകരണം. 2017ൽ യുപിഎസ്സിയിൽ അംഗമായ മനോജ് സോണി 2023 മേയ് 16നാണ് ചെയർമാനായത്.
2005ൽ ഗുജറാത്തിലെ ബറോഡ എംഎസ് സർവകലാശാല വൈസ് ചാൻസലറായിരുന്നു. 40-ാം വയസിൽ വൈസ് ചാൻസലറായ അദ്ദേഹം രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വൈസ് ചാൻസലറായിരുന്നു അന്ന്. പിന്നീട് അംബേദ്കർ ഓപ്പണ്‍ സർവകലാശാല വൈസ്ചാൻസലറായും സേവനമനുഷ്ഠിക്കുകയുണ്ടായി.