ചരക്കുകപ്പലിലെ തീ നിയന്ത്രണവിധേയം
Sunday, July 21, 2024 1:16 AM IST
പനാജി/മുംബൈ: കർണാടകയിലെ കർവാർ തീരത്ത് തുടരുന്ന ചരക്കുകപ്പലിലെ തീ നിയന്ത്രണവിധേയമായതായി കോസ്റ്റ്ഗാർഡ്.
ഗോവ തീരത്ത്നിന്ന് 102 നോട്ടിക്കൽ മൈൽ അകലെ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് എംവി മാർസ്ക് ഫ്രാങ്ക്ഫർട്ട് എന്ന ചരക്കുകപ്പലിനു തീപിടിച്ചത്. മുണ്ട്രയിൽ നിന്ന് കൊളംബോയിലേക്കു തിരിച്ച കപ്പലിൽ 21 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ ഒരാളെ കാണാതായി.
24 മണിക്കൂറിലധികം നീണ്ട കഠിനപരിശ്രമത്തിലാണു തീ നിയന്ത്രണവിധേയമാക്കിയത്. കർണാടകയിലെ കർവാറിന് 17 കിലോമീറ്റർ അകലെ തീരത്താണ് കപ്പൽ ഇപ്പോഴുള്ളത്. ബെൻസീനും സോഡിയം സയനേറ്റും ഉൾപ്പെടെ അപകടകരമായ രാസവസ്തുക്കൾ അടങ്ങിയ 1,154 കണ്ടെയ്നറുകൾ കപ്പലിലുണ്ട്. മതിയായ മുൻകരുതലുകൾ എടുത്തശേഷമാണ് തീ അണയ്ക്കാൻ ശ്രമം നടത്തിയത്.