ഗോണ്ഡ ട്രെയിൻ അപകടം; മരിച്ചവരുടെ എണ്ണം നാലായി
Saturday, July 20, 2024 2:12 AM IST
ഗോണ്ഡ: യുപിയിൽ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. അപകടത്തിൽ 31 പേർക്കാണ് പരിക്കേറ്റത്. ഇവരിൽ ആറു പേരുടെ നില ഗുരുതരമാണ്.
മരിച്ച രണ്ടുപേരെ തിരിച്ചറിയാനുണ്ട്. വെള്ളിയാഴ്ച രാവിലെയാണ് ഒരാളുടെ മൃതദേഹം കണ്ടെടുത്തത്. മോത്തിഗഞ്ച്, ഝിലാഹി റെയിൽവേ സ്റ്റേഷനുകൾക്കു മധ്യേ വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 2.35നായിരുന്നു അപകടം. എട്ടു കോച്ചുകളാണു പാളം തെറ്റിയത്.
സംഭവത്തിൽ മജിസ്ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് 10 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു. പാളം തെറ്റിയ കോച്ചുകൾ ട്രാക്കിൽനിന്നു മാറ്റി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണു റെയിൽവേ.