കന്നഡികർ മതി; വിവാദമായപ്പോൾ ബിൽ മരവിപ്പിച്ചു
Thursday, July 18, 2024 3:36 AM IST
ബംഗളുരു: കർണാടകത്തിലെ മുഴുവൻ സ്വകാര്യ കന്പനികളിലെയും ഗ്രൂപ്പ് സി, ഡി വിഭാഗങ്ങളിലുള്ള ജോലിയിൽ കന്നഡികർക്ക് 75 ശതമാനം വരെ സംവരണം ഏർപ്പെടുത്താൻ സിദ്ധരാമയ്യ സർക്കാർ നടത്തിയ നീക്കം വിവാദമായതോടെ മരവിപ്പിച്ചു. ബില്ലിനു മന്ത്രിസഭ അനുമതി നൽകിയതായി ചൊവ്വാഴ്ച വൈകി സമൂഹമാധ്യമമായ എക്സിലൂടെ മുഖ്യമന്ത്രി അറിയിച്ചിരുന്നു. പിന്നീട് ഈ പോസ്റ്റ് നീക്കം ചെയ്തു.
എതിർപ്പ് ശക്തമായതോടെ ബിൽ മരവിപ്പിച്ചതായി സർക്കാർ വൃത്തങ്ങൾ ഇന്നലെ രാത്രിയോടെ അറിയിക്കുകയായിരുന്നു. വ്യവസായ മേഖലയിൽനിന്നുൾപ്പെടെ വ്യാപക വിമർശനം ഉയർന്നതോടെയാണ് സർക്കാർ വെട്ടിലായത്. പ്രശ്നത്തിൽ മന്ത്രിമാരുടെ പ്രതികരണം ആശയക്കുഴപ്പം രൂക്ഷമാക്കുകയും ചെയ്തു.
മാനേജ്മെന്റ് തസ്തികകളിൽ 50 ശതമാനവും നോൺ മാനേജ്മെന്റ് തസ്തികകളിൽ 70 ശതമാനവും കന്നഡികർക്കു സംവരണത്തിനാണു തീരുമാനമെന്നായിരുന്നു തൊഴിൽ മന്ത്രി സന്തോഷ് ലാഡ് വിശദീകരിച്ചത്. എന്നാൽ, വിശദമായ ചർച്ചയ്ക്കു ശേഷമേ തീരുമാനം ഉണ്ടാകൂവെന്ന് ഐടി മന്ത്രി പ്രിയാങ്ക് ഖാർഗെ പറഞ്ഞു.
സംവരണം ഏർപ്പെടുത്തണമെന്ന നിർദേശം തൊഴിൽവകുപ്പിന്റേതാണ്. വ്യവസായ വകുപ്പുമായോ ഐടി വകുപ്പുമായോ ചർച്ചകൾ നടത്തിയിട്ടില്ല. എല്ലാ വകുപ്പുകളുമായും വിശദചർച്ച വേണമെന്നു മുഖ്യമന്ത്രിയോട് അഭ്യർഥിച്ചിട്ടുണ്ടെന്നും പ്രിയാങ്ക് ഖാർഗെ പറഞ്ഞു. അതേസമയം, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ബില്ലിന് അനുകൂലമായാണു നിലപാടെടുത്തത്.
ഇന്നലെ ഉച്ചകഴിഞ്ഞ് സംവരണവിഷയത്തിൽ മുഖ്യമന്ത്രിയുടെ പോസ്റ്റ് വീണ്ടും പ്രത്യക്ഷപ്പെട്ടു. സ്വന്തം സംസ്ഥാനത്ത് കന്നഡികർ സുരക്ഷിതമായി ജീവിക്കണമെന്നതാണ് സർക്കാരിന്റെ ലക്ഷ്യം. കന്നഡ അനുകൂല സർക്കാരാണ് ഞങ്ങളുടേത്. കന്നഡികരുടെ ക്ഷേമം ഉറപ്പാക്കുന്നതിനാണു മുന്തിയ പരിഗണന -മുഖ്യമന്ത്രി പോസ്റ്റിൽ പറഞ്ഞു.
അതേസമയം, ബില്ലിനെ വ്യവസായലോകം ശക്തമായി വിമർശിക്കുകയാണ്. ബിൽ വിവേചനപരവും പിന്തിരിപ്പനുമാണെന്ന് പ്രമുഖ വ്യവസായിയും ഇൻഫോസിസിന്റെ ചീഫ് ഫിനാൻസ് ഓഫീസറുമായിരുന്ന മോഹൻദാസ് പൈ പ്രതികരിച്ചു.
ഭരണഘടനാവിരുദ്ധമായ നീക്കമാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബില്ലിനെതിരേ ബയോകോൺ എംഡി കിരൺ മജുംദാറും രംഗത്തെത്തി. സർക്കാർ തീരുമാനം ദീർഘവീക്ഷണമില്ലാത്തതാണെന്ന് അസോചം കർണാടകയുടെ സഹ ചെയർമാനും യുലുവിന്റെ സഹസ്ഥാപകനുമായ ആർ.കെ. മിശ്രയും പ്രതികരിച്ചു.
ബില്ലിലെ പ്രധാന വ്യവസ്ഥകൾ ഇങ്ങനെ
കർണാടകയിൽ ജനിച്ചുവളർന്നവർക്കൊപ്പം 15 വർഷമായി കർണാടകയിൽ സ്ഥിരതാമസമാക്കിയവർക്കും കന്നഡ എഴുതാനും വായിക്കാനും സംസാരിക്കാനും അറിയുന്നവർക്കും സംവരണം നല്കാനാണു ബില്ലിലെ വ്യവസ്ഥ.
അപേക്ഷകരായി വേണ്ടത്ര തദ്ദേശീയരെത്തിയില്ലെങ്കിൽ നിയമത്തിൽ ഇളവു വരുത്താൻ സ്ഥാപനം സർക്കാരിന് അപേക്ഷ നല്കണം. അന്വേഷണം നടത്തിയശേഷം സർക്കാർ ആവശ്യമായ ഉത്തരവ് നല്കും.
തദ്ദേശീയരായ അപേക്ഷകർ മാനേജ്മെന്റ് തസ്തികകളിൽ 25 ഉം മാനേജ്മെന്റ് ഇതര തസ്തികകളിൽ 50 ശതമാനത്തിലും കുറയാൻ പാടില്ലെന്നു ബിൽ വ്യവസ്ഥ ചെയ്യുന്നു. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് 10,000 മുതൽ 25,000 രൂപ വരെ പിഴയൊടുക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്.
കന്നഡയിൽ പ്രാവീണ്യം ഉറപ്പാക്കും
കന്നഡ ഒരു വിഷയമായി ഹയർസെക്കൻഡി പാസാകാത്തവരാണ് ഉദ്യോഗാർഥികളെങ്കിൽ ഇവർ ഭാഷാപരിജ്ഞാനം നേടിയെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നല്കണം എന്നതുൾപ്പെടെ നിർദേശങ്ങൾ ബില്ലിൽ ഉണ്ട്.
നോഡൽ ഏജൻസിയുടെ കീഴിലാകും ഭാഷാപരിജ്ഞാനം ഉറപ്പാക്കുന്നതിനുള്ള പരിശോധന. ഏതൊരു സ്ഥാപനത്തിലെയും തൊഴിലാളികളുടെ വിവരങ്ങൾ പരിശോധിക്കാൻ ഏജൻസിക്ക് അധികാരമുണ്ടായിരിക്കും. അസിസ്റ്റന്റ് ലേബർ കമ്മിഷണറുടെ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനെ ഇതിനായി നിയോഗിക്കും.