നീതി ആയോഗ് പുനഃസംഘടിപ്പിച്ചു
Thursday, July 18, 2024 3:25 AM IST
ന്യൂഡൽഹി: പ്ലാനിംഗ് കമ്മീഷനു പകരമായുള്ള നീതി ആയോഗ് പുനഃസംഘടിപ്പിച്ച് കേന്ദ്രസർക്കാർ. ഘടകകക്ഷി മന്ത്രിമാരെക്കൂടി ഉൾപ്പെടുത്തിയാണ് പുനഃസംഘടന. എൻഡിഎ സഖ്യകക്ഷികളിൽനിന്നുള്ള നാല് മുഴുവൻ സമയ അംഗങ്ങളെയും 15 കേന്ദ്രമന്ത്രിമാരെയും ഉൾപ്പെടുത്തി.
എക്സ് ഒഫീഷ്യോ അംഗങ്ങളും പ്രത്യേക ക്ഷണിതാക്കളും കൂടി ഉൾപ്പെട്ടതാണ് നീതി ആയോഗിന്റെ പുതിയ ഘടന. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായും ഉപാധ്യക്ഷനായി കെ. ബെറിയും തുടരും.
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തരമന്ത്രി അമിത് ഷാ, ധനമന്ത്രി നിർമലാ സീതാരാമൻ, കൃഷി-കർഷക ക്ഷേമ മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ എന്നിവരെ എക്സ് ഒഫീഷ്യോ അംഗങ്ങളായി ഉൾപ്പെടുത്തിയിട്ടുണ്ട്.
എൻഡിഎ സഖ്യകക്ഷികളിൽനിന്നുള്ള മന്ത്രിമാരായ എച്ച്.ഡി. കുമാരസ്വാമി, ജിതൻ റാം മാഞ്ജി, രാജീവ് രഞ്ജൻ സിംഗ്, ചിരാഗ് പാസ്വാൻ തുടങ്ങിയവർ പ്രത്യേക ക്ഷണിതാക്കളാകും. ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ജെ.പി. നദ്ദയും പ്രത്യേക ക്ഷണിതാവാണ്.