ഔദ്യോഗിക ബംഗ്ലാവ് ഒഴിയാൻ മുൻ എംപിമാർക്ക് കേന്ദ്രസർക്കാരിന്റെ നോട്ടീസ്
Wednesday, July 17, 2024 1:04 AM IST
ന്യൂഡൽഹി: ഔദ്യോഗിക ബംഗ്ലാവുകൾ ഇനിയും ഒഴിയാത്ത 200 ലധികം മുൻ ലോക്സഭാ എംപിമാർക്ക് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം നോട്ടീസ് അയച്ചു.
ഡൽഹിയിൽ സർക്കാർ അനുവദിച്ച വസതികൾ എത്രയും പെട്ടെന്ന് ഒഴിയണമെന്ന് ആവശ്യപ്പെട്ടാണു നോട്ടീസ് അയച്ചത്. പബ്ലിക് പ്രമിസസ് നിയമപ്രകാരമാണ് കേന്ദ്രസർക്കാരിന്റെ നടപടി.
ലോക്സഭ പിരിച്ചുവിട്ട് ഒരു മാസത്തിനകം മുൻ എംപിമാർ ഔദ്യോഗിക ബംഗ്ലാവുകൾ ഒഴിയണമെന്നാണു ചട്ടം. ഇതിന്റെ ആദ്യഘട്ടം എന്ന നിലയിലാണ് മുൻ എംപിമാർക്ക് നോട്ടീസ് അയച്ചത്.
വസതികൾ ഉടനെ ഒഴിഞ്ഞില്ലെങ്കിൽ നിർബന്ധമായും ഒഴിപ്പിക്കൽ നടപടികൾ സ്വീകരിക്കേണ്ടിവരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ലോക്സഭാ സെക്രട്ടേറിയറ്റാണ് എംപിമാർക്കുള്ള താമസസൗകര്യം ഒരുക്കുന്നത്.