കർണാടകയിൽ ദേശീയപാതയിൽ മലയിടിഞ്ഞ് മൂന്നു പേർ മരിച്ചു
Wednesday, July 17, 2024 1:04 AM IST
കാർവാർ: ഉത്തരകന്നഡ ജില്ലയിലെ ഷിരൂരിൽ ദേശീയപാത 66-ലേക്കു മലയിടിഞ്ഞുവീണ് മൂന്നു പേർ മരിച്ചു; 15 പേരെ കാണാതായി. പാതയോരത്തെ ഒരു വീടും കടയും കാന്റീനുമടങ്ങുന്ന കെട്ടിടം പൂർണമായും മണ്ണിനടിയിലായി.
കെട്ടിടം ഉടമ ലക്ഷ്മൺ നായിക്(47), ഭാര്യ ശാന്തി നായിക് (36) എന്നിവരും മറ്റൊരാളുമാണു മരിച്ചത്. മൂന്നു പേരുടെയും മൃതദേഹം കണ്ടെടുത്തു. ലക്ഷ്മൺ നായിക്കിന്റെ മക്കളായ റോഷൻ, അവന്തിക, ബന്ധുവായ ജഗന്നാഥ് എന്നിവരും കാന്റീനിൽ ഭക്ഷണം കഴിക്കാനെത്തിയവരും കാണാതായവരിൽ ഉൾപ്പെടുന്നു.
കെട്ടിടത്തിനു മുന്നിൽ നിർത്തിയിരുന്ന ഗ്യാസ് ടാങ്കർ താഴെ ഗംഗാവതി നദിയിലേക്കു പതിച്ചു. ഇതിലുണ്ടായിരുന്ന തൊഴിലാളികളെയും കാണാതായി. കാണാതായ ആളുകളിൽ പലരും പുഴയിലെ ഒഴുക്കിൽപ്പെട്ടതായും സംശയിക്കുന്നു.
പുഴയ്ക്കു മുകളിലും സമീപപ്രദേശങ്ങളിലും ഗ്യാസ് പടരാനുള്ള സാധ്യത കൂടുതൽ ആശങ്കയാകുന്നുണ്ട്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം പൂർണമായും സ്തംഭിച്ചു. ദേശീയപാതയുടെ നിർമാണത്തിനായി അമിതമായ അളവിൽ മണ്ണെടുത്തതാണ് മലയിടിച്ചിലിനു കാരണമായതെന്നു നാട്ടുകാർ പറഞ്ഞു.