വിടാതെ നായിഡു: ജഗൻ റെഡ്ഢിക്കെതിരേ വധശ്രമക്കേസ്
Saturday, July 13, 2024 1:55 AM IST
ഗുണ്ടൂർ: ആന്ധ്രപ്രദേശിൽ മുൻമുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയെ പൂട്ടാനൊരുങ്ങി ചന്ദ്രബാബു നായിഡു സർക്കാർ. തെലുങ്കുദേശം പാർട്ടി എംഎൽഎയുടെ പരാതിയിൽ ജഗൻ മോഹൻ റെഡ്ഡിക്കും രണ്ടു മുതിർന്ന ഐപിഎസ് ഓഫീസർമാർക്കുമെതിരേ വധശ്രമത്തിനു പോലീസ് കേസെടുത്തിരിക്കുകയാണ്.
രണ്ടു വിരമിച്ച ഉദ്യോഗസ്ഥരെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. മുന്പ് ജഗൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസ് പാർട്ടിയിൽ പ്രവർത്തിച്ചിരുന്ന എംഎൽഎ കെ. രഘുരാമ കൃഷ്ണ രാജുവാണു പരാതിക്കാരൻ. ജഗനുമായി തെറ്റിപ്പിരിഞ്ഞ് നായിഡുവിനൊപ്പം ചേർന്നയാളാണ് രഘുരാമ കൃഷ്ണ.
മുതിർന്ന ഐപിഎസ് ഓഫീസർമാരായ പി.വി. സുനിൽ കുമാർ, പി.എസ്.ആർ. സീതാരാമൻ വിരമിച്ച പോലീസ് ഓഫസറായ ആർ.വിജയ പോൾ, ഗുണ്ടൂർ ആശുപത്രിയിലെ മുൻ സൂപ്രണ്ട് ജി. പ്രഭാവതി എന്നിവരാണു പ്രതിസ്ഥാനത്തുള്ളത്. ഒരു മാസം മുന്പാണ് രഘുരാമ കൃഷ്ണ രാജു പരാതി നൽകുന്നത്.