നീറ്റ് വിവാദം: കേന്ദ്രത്തിനും എൻടിഎയ്ക്കും സുപ്രീംകോടതി നോട്ടീസ്
Wednesday, June 12, 2024 1:27 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: മെഡിക്കൽ ബിരുദ കോഴ്സുകളിലേക്കുള്ള നീറ്റ്-യുജിയുടെ ചോദ്യപേപ്പർ ചോർച്ച പ്രവേശനപരീക്ഷയുടെ പവിത്രതയെ ബാധിച്ചെന്ന് സുപ്രീംകോടതി. ചോദ്യപേപ്പർ ചോർച്ച അത്ര ലളിതമല്ലെന്നും മറുപടി ആവശ്യമാണെന്നും പരമോന്നത കോടതി ചൂണ്ടിക്കാട്ടി.
രാജ്യത്തെ ഏറ്റവും പ്രധാന മത്സരപരീക്ഷകളിലൊന്നായ നീറ്റിന്റെ ഫലം റദ്ദാക്കണമെന്ന ഹർജിയിൽ, പരീക്ഷാ നടത്തിപ്പിന്റെ ചുമതലയുള്ള നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കും (എൻടിഎ) കേന്ദ്ര സർക്കാരിനും സുപ്രീംകോടതി നോട്ടീസ് അയച്ചു.
എന്നാൽ, എംബിബിഎസ് അടക്കമുള്ള കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് കൗണ്‍സലിംഗ് അടക്കമുള്ള നടപടികൾ സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. കൗണ്‍സലിംഗ് നിർത്തലാക്കില്ലെന്ന് ജസ്റ്റീസുമാരായ അഹ്സനുദ്ദീൻ അമാനുല്ലയും വിക്രംനാഥും അഭിപ്രായപ്പെട്ടു.
കൗണ്‍സലിംഗ് സ്റ്റേ ചെയ്യണമെന്ന് മുതിർന്ന അഭിഭാഷകൻ മാത്യൂസ് ജെ. നെടുന്പാറ ആവശ്യപ്പെട്ടപ്പോൾ, ""അത് തുടങ്ങട്ടെ, കൗണ്‍സലിംഗ് നിർത്തുന്നില്ല''എന്ന് ജസ്റ്റീസ് വിക്രം പ്രതികരിച്ചു. കേസ് ജൂലൈ എട്ടിലേക്കു മാറ്റി.
പ്രതികരണം ഫയൽ ചെയ്യാൻ കൂടുതൽ സമയം ആവശ്യമാണെങ്കിൽ, കൗണ്‍സലിംഗ് നടപടികൾ നിർത്തിവയ്ക്കുമെന്ന് കോടതി മുന്നറിയിപ്പു നൽകി. കഴിഞ്ഞ അഞ്ചിനു നടന്ന നീറ്റ് പരീക്ഷയുടെ ഫലം റദ്ദാക്കണമെന്നും പുതിയ പരീക്ഷ നടത്തണമെന്നും ആവശ്യപ്പെട്ടു നൽകിയ ഹർജിയിലാണ് സുപ്രീംകോടതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് സമാനമായ ഹർജി മേയ് 17ന് പരിഗണിച്ച് നോട്ടീസ് അയച്ചെങ്കിലും ഫലപ്രഖ്യാപനം സ്റ്റേ ചെയ്തിരുന്നില്ല. ചീഫ് ജസ്റ്റീസിന്റെ മുന്‍പാകെ സമർപ്പിച്ച ഹർജിയിൽ പിന്നീടു വാദം കേൾക്കും. പുതിയ ഹർജിയിൽ പക്ഷേ നീറ്റ് പരീക്ഷ റദ്ദാക്കിയില്ല. എങ്കിലും എൻടിഎയോടു വിശദീകരണം തേടിയതിന്റെ അടിസ്ഥാനത്തിൽ പിന്നീടു വിശദമായ വാദം കേൾക്കും.
മത്സരപരീക്ഷയിലെ സ്കോറുകളിലെ പൊരുത്തക്കേടുകളും ചില വിദ്യാർഥികൾക്ക് മുന്തിയ പരിഗണന ലഭിച്ചതും ഹർജികളിൽ ഉന്നയിച്ചിട്ടുണ്ട്.
ഗ്രേസ് മാർക്ക് നൽകുന്നതിൽ വ്യത്യാസമുണ്ടെന്നു തെലുങ്കാന, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽനിന്നുള്ള ഹർജിക്കാർ ചൂണ്ടിക്കാട്ടി. അതിനിടെ, നീറ്റ് 2024 പരീക്ഷ എഴുതിയ 1,600 വിദ്യാർഥികളുടെ പരാതികൾ ഉന്നതാധികാര സമിതി വിശകലനം ചെയ്യണമെന്ന് എൻടിഎ തീരുമാനിച്ചിട്ടുണ്ട്.