"സംസാരത്തിൽ സൂക്ഷിക്കണം'; മോദിക്ക് ആർഎസ്എസിന്റെ താക്കീത്
Wednesday, June 12, 2024 1:27 AM IST
നാഗ്പുർ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു താക്കീതായി ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെ പ്രസംഗം. തെരഞ്ഞെടുപ്പു പ്രചാരണത്തിൽ സംസാരിക്കുന്നതിന് നേതാക്കൾ പരിധി സൂക്ഷിക്കണമെന്നും രാജ്യത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുന്ന തരത്തിലാവണം നേതാക്കളുടെ പെരുമാറ്റമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
“മണിപ്പുരിലെ പ്രശ്നങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. ആരും അങ്ങോട്ടു തിരഞ്ഞുനോക്കുന്നില്ല. അവിടേക്കു ശ്രദ്ധവയ്ക്കാൻ ഞാൻ ഈ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപിക്ക് എത്ര സീറ്റ് നഷ്ടപ്പെട്ടുവെന്നു ബന്ധപ്പെട്ടർ ശ്രദ്ധിക്കണം”- അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസം നാഗ്പുരില്‍ നടന്ന ആര്‍എസ്എസ് കാര്യകര്‍ത്താ വികാസ് വര്‍ഗ് ദ്വിതീയയുടെ സമാപന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈവിധ്യങ്ങളാല്‍ നിറഞ്ഞതാണെങ്കിലും നമ്മുടെ സാമൂഹികജീവിതത്തിന്റെ ആധാരം ഒന്നാണ്. എല്ലാവരും ഒരുമിച്ചു നീങ്ങണം. മറ്റുള്ളവരുടെ അഭിപ്രായങ്ങളെ മാനിക്കണം. ആരാധനാരീതികളെ പരസ്പരം ആദരിക്കണം. ഇക്കാര്യങ്ങള്‍ മറന്നു, രാജ്യം വികൃതമായി.
സ്വന്തം സഹോദരങ്ങളെ തൊട്ടുകൂടാത്തവരായി കണക്കാക്കി അകറ്റിനിര്‍ത്തി. ഇതിനെയൊന്നും വേദങ്ങളോ പുരാണങ്ങളോ പിന്തുണയ്ക്കുന്നില്ല. സമൂഹം ഒന്നെന്ന ഭാവത്തില്‍ മുന്നോട്ടുപോകണം. അകന്നുപോയവരെ ഒപ്പം കൂട്ടണം- സര്‍സംഘചാലക് പറഞ്ഞു.
ഒരു വര്‍ഷമായി മണിപ്പുര്‍ കത്തുകയാണ്. പഴയ തോക്ക് സംസ്കാരം അവസാനിച്ചെന്നാണു കരുതിയത്. എന്നാല്‍, വെറുപ്പിന്റെ അന്തരീക്ഷം സൃഷ്ടിച്ച് മണിപ്പുരില്‍ അശാന്തി പടര്‍ത്തുകയാണ്. ഇക്കാര്യം പരിഗണിക്കുകയും പരിഹരിക്കുകയും വേണം- അദ്ദേഹം പറഞ്ഞു.
ഏതു പ്രശ്നത്തിന്റെയും എല്ലാ വശങ്ങളും ചര്‍ച്ച ചെയ്യാനും സമവായം ഉണ്ടാക്കാനും പാര്‍ലമെന്റില്‍ സംവിധാനമുണ്ട്. പ്രചാരണത്തിനിടെ പരസ്പരം പഴി പറയുകയും സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യുകയും അസത്യം പ്രചരിപ്പിക്കുകയും ചെയ്തതു തെറ്റാണ്.
എതിർക്കുന്നുവരെയും വിയോജിക്കുന്നവരെയും ശത്രുക്കളായി കാണുന്നതും ശരിയല്ല. തെരഞ്ഞെടുപ്പു പ്രചാരണം സൃഷ്ടിച്ച ആവേശത്തില്‍നിന്ന് മുക്തരായി രാജ്യം നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ചിന്തിക്കാൻ ഭരണാധികാരികൾ തയാറാവണമെന്ന് അദ്ദേഹം പറഞ്ഞു.