സൂര്യാഘാതം: മലയാളി പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു
Thursday, May 30, 2024 2:06 AM IST
ന്യൂഡൽഹി: സ്ഥാനക്കയറ്റത്തിനുള്ള യോഗ്യതാ പരിശീലനത്തിനിടെ ഡൽഹിയിൽ മലയാളി പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു.
ഡൽഹി പോലീസിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറായ കോഴിക്കോട് വടകര ചോറോട് മങ്ങാട്ടുപാറ സ്വദേശി സ്വദേശി കെ. ബിനീഷ് (49) ആണു മരിച്ചത്. സൂര്യാഘാതമേറ്റതാണ് മരണകാരണമെന്നു സംശയമുണ്ട്.
ഡൽഹി ഉത്തംനഗർ ഹസ്ത്സാലിലായിരുന്നു താമസം. ബുധനാഴ്ച വസീറാബാദ് പോലീസ് ട്രെയിനിംഗ് സെന്ററിൽ നടന്ന, പുതിയ ക്രിമിനൽ നിയമങ്ങളെക്കുറിച്ചുള്ള പരിശീലനത്തിനുശേഷം ഓട്ടോറിക്ഷയിൽ മടങ്ങും വഴിയാണ് ബിനീഷിന് ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ടത്. പ
രിശീലനത്തിനുള്ള 1400 അംഗ പോലീസ് സംഘത്തിൽ ബിനീഷ് ഉൾപ്പെടെ 12 മലയാളികളാണ് ഉണ്ടായിരുന്നത്. വസീറാബാദിലെ പരിശീലനകേന്ദ്രത്തിൽ എയർകണ്ടീഷനിംഗ് സംവിധാനം ഇല്ലായിരുന്നു. ആദ്യം ട്രെയിനിംഗ് സെന്ററിന് അടുത്തുള്ള ശുഭം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പിന്നീട് പശ്ചിംവിഹാർ ബാലാജി ആശുപത്രിയിലേക്കു മാറ്റി. ഇവിടെവച്ചായിരുന്നു മരണം. മൃതദേഹം കൈരളി വെൽഫെയർ ആൻഡ് കൾച്ചറൽ സോസൈറ്റിയുടെ നേതൃത്വത്തിൽ നാട്ടിലെത്തിച്ചു. ഇന്നു രാവിലെ 9.30ന് വീട്ടുവളപ്പിൽ സംസ്കരിക്കും.
റിട്ട. വില്ലേജ് ഓഫീസർ കൃഷ്ണന്റെയും പരേതയായ വത്സലയുടെയും മകനാണ്. ഭാര്യ: ലിജ. മക്കൾ: ലിബിൻ, ഐശ്വര്യ. സഹോദരി: വിജില.