ബംഗാളിൽ ഇനി വിധിയെഴുത്ത് തൃണമൂൽ കോട്ടകളിൽ
Thursday, May 30, 2024 2:06 AM IST
കോൽക്കത്ത: ബംഗാളിൽ ഏഴാം ഘട്ടത്തിൽ വിധിയെഴുത്ത് നടക്കുക തൃണമൂൽ കോൺഗ്രസിന്റെ കോട്ടകളിൽ. ഡംഡം, ബരാസത്, ബസിർഘട്ട്, ജയനഗർ, മഥുരാപുർ, ഡയമണ്ട് ഹാർബർ, ജാദവ്പുർ, കോൽക്കത്ത ദക്ഷിൺ, കോൽക്കത്ത ഉത്തർ എന്നീ ഒന്പതു മണ്ഡലങ്ങളിലാണ് ജൂൺ ഒന്നിനു വോട്ടെടുപ്പ് നടക്കുക.
2019ൽ ഒന്പതു മണ്ഡലങ്ങളിലും വിജയിച്ചത് തൃണമൂൽ കോൺഗ്രസാണ്. ഡംഡം ഒഴികെ എല്ലാ മണ്ഡലങ്ങളിലും ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം തൃണമൂൽ സ്ഥാനാർഥികൾക്കുണ്ട്. ഡംഡമിൽ മാത്രം അര ലക്ഷം വോട്ടിനാണു വിജയം. നാലു ണ്ഡലങ്ങളിൽ മൂന്നു ലക്ഷത്തിലേറെയാണു ഭൂരിപക്ഷം. ഏഴാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ ഡയമണ്ട് ഹാർബർ ആണ് ഏറ്റവും ശ്രദ്ധേയം. മമത ബാനർജിയുടെ അനന്തരവനും പാർട്ടിയിലെ രണ്ടാമനുമായ അഭിഷേക് ബാനർജി ഹാട്രിക് വിജയമാണ് ലക്ഷ്യമിടുന്നത്.
മമത ബാനർജി ആറു തവണ പ്രതിനിധീകരിച്ച കോൽക്കത്ത ദക്ഷിൺ മണ്ഡലത്തിൽ സിറ്റിംഗ് എംപി മാലാ റോയി വീണ്ടും മത്സരിക്കുന്നു. സൗഗത റോയ്(ഡംഡം), സുദീപ് ബന്ദോപാധ്യായ(കോൽക്കത്ത ഉത്തർ) എന്നീ പ്രമുഖ തൃണമൂൽ നേതാക്കളും ഏഴാം ഘട്ടത്തിലാണു ജനവിധി തേടുന്നത്.
ഇത്തവണ തൃണമൂൽ കോട്ടകളിലേക്കു കടന്നുകയറാനാണ് ബിജെപിയുടെ ശ്രമം. കോൽക്കത്ത ഉത്തർ മണ്ഡലത്തിൽ തൃണമൂലിൽനിന്നെത്തിയ പ്രമുഖ നേതാവ് തപസ് റോയി ആണു ബിജെപി സ്ഥാനാർഥി. കേന്ദ്രമന്ത്രി ദേബശ്രീ ചൗധരി കോൽക്കത്ത ദക്ഷിൺ മണ്ഡലത്തിൽ ബിജെപി ടിക്കറ്റിൽ മത്സരിക്കുന്നു.
2019ൽ എല്ലായിടത്തും മൂന്നാം സ്ഥാനത്തായ സിപിഎം വൻ തിരിച്ചുവരവിനാണു ലക്ഷ്യമിടുന്നത്. ഡംഡം, കോൽക്കത്ത ദക്ഷിൺ, ജാദവ്പുർ മണ്ഡലങ്ങളിൽ സിപിഎം പ്രതീക്ഷ പുലർത്തുന്നു. കോൺഗ്രസിന്റെ പിന്തുണ ഇത്തവണ സിപിഎമ്മിനാണ്. കോൽക്കത്ത ഉത്തർ മണ്ഡലത്തിൽ സിപിഎം പിന്തുണയോടെ കോൺഗ്രസ് മത്സരിക്കുന്നു. മുതിർന്ന നേതാവ് പ്രദീപ് ഭട്ടാചാര്യയാണ് കോൺഗ്രസ് സ്ഥാനാർഥി.
ഒന്പതു ലോക്സഭാമണ്ഡലങ്ങളിലും 72 നിയമസഭാ മണ്ഡലങ്ങളിൽ 71ലും തൃണമൂൽ ആണു വിജയിച്ചത്. ഒരു സീറ്റ് ഐഎസ്എഫിനു ലഭിച്ചു. ബിജെപിക്ക് ഒറ്റ സീറ്റുപോലുമില്ല. ഏഴാം ഘട്ടം വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ തൃണമൂൽ കോൺഗ്രസിനെ പരാജയപ്പെടുത്തുകയെന്നത് എതിരാളികളെ സംബന്ധിച്ച് ദുഷ്കര ദൗത്യമാണ്.
സിപിഎം നില മെച്ചപ്പെടുത്തുന്നത് തൃണമൂലിനു ഗുണം ചെയ്യും. തൃണമൂൽ വിരുദ്ധ വോട്ടുകൾ ബിജെപി, സിപിഎം പാർട്ടികൾക്കായി വിഭജിക്കപ്പെടും. ജയനഗർ ഒഴികെയുള്ള എട്ടു മണ്ഡലങ്ങളിലും മൂന്നു ലോക്സഭാ തെരഞ്ഞെടുപ്പുകളിലും തൃണമൂൽ വിജയിച്ചവയാണ്. ജയനഗറിൽ 2014, 2019 തെരഞ്ഞെടുപ്പുകളിൽ തൃണമൂൽ വിജയിച്ചു.