മുല്ലപ്പെരിയാർ: കേന്ദ്രം വിളിച്ച യോഗം കാരണം വ്യക്തമാക്കാതെ മാറ്റി
Wednesday, May 29, 2024 1:44 AM IST
ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ടു കേന്ദ്രസർക്കാർ വിളിച്ച യോഗം മാറ്റിവച്ചു.
പുതിയ അണക്കെട്ട് നിർമിക്കുന്നതിന് പരിസ്ഥിതി ആഘാത പഠനവുമായി ബന്ധപ്പെട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഇന്നലെ വിളിച്ച യോഗമാണു കാരണം വ്യക്തമാക്കാതെ മാറ്റിയത്. പുതിയ അണക്കെട്ട് എന്ന കേരളത്തിന്റെ നീക്കത്തെ തമിഴ്നാട് ശക്തമായി എതിർത്തിരുന്നു.
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കുന്നതിന് പരിസ്ഥിതി ആഘാത പഠനം നടത്താനുള്ള കേരളത്തിന്റെ നിർദേശം കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുവദിച്ചതിൽ എതിർപ്പ് രേഖപ്പെടുത്തി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കേന്ദ്രത്തിന് കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. കേരളത്തിന്റെ ഇത്തരം ആവശ്യം പരിഗണിക്കരുതെന്ന് കത്തിൽ സൂചിപ്പിച്ചു. ഇതിനു പിന്നാലെയാണ് കാരണം വ്യക്തമാക്കാതെ യോഗം മാറ്റിവച്ചത്.
ഐഡിആർബി ആൻഡ് ഇന്റർസ്റ്റേറ്റ് വാട്ടേഴ്സ് ചീഫ് എൻജിനിയർ ആർ. പ്രിയേഷ്, ഐഡിആർബി ഡയറക്ടർ ശ്രീദേവി എന്നിവർ യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിൽ എത്തിയിരുന്നു. ഇവർ ഡൽഹിയിൽ എത്തിയശേഷമാണു യോഗം മാറ്റിവച്ച വിവരം അറിയുന്നത്.
ജലവിഭവ വകുപ്പ് സെക്രട്ടറിയും യോഗത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചിരുന്നെങ്കിലും യോഗം മാറ്റിയതോടെ ഡൽഹി യാത്ര ഒഴിവാക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12 നായിരുന്നു യോഗം നിശ്ചയിച്ചിരുന്നത്. എന്നത്തേക്കാണു യോഗം മാറ്റിയതെന്ന വിവരം ലഭിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
നിലവിലെ അണക്കെട്ട് സുരക്ഷിതമാണെന്ന് വിദഗ്ധ സമിതി സുപ്രീംകോടതിക്കു മുന്നിൽ ബോധ്യപ്പെടുത്തിയിട്ടുള്ളതാണെന്നും പുതിയ അണക്കെട്ട് എന്ന കേരളത്തിന്റെ നീക്കം അനുവദിച്ചാൽ കോടതിയലക്ഷ്യവുമായി മുന്നോട്ടു പോകുമെന്നും സ്റ്റാലിൻ കേന്ദ്രത്തിന് അയച്ച കത്തിൽ പറയുന്നുണ്ട്.
ഡാമുമായി ബന്ധപ്പെട്ട ഏതു കാര്യത്തിലും സുപ്രീംകോടതിയുടെ അനുമതി ആവശ്യമാണെന്നും സ്റ്റാലിൻ വ്യക്തമാക്കി. പരിസ്ഥിതി ആഘാത പഠനവുമായി ബന്ധപ്പെട്ട നടപടികൾക്ക് 2015ൽ സുപ്രീംകോടതിയിൽനിന്ന് അനുമതി ലഭിച്ചതാണെന്നാണ് കേരളത്തിന്റെ വാദം.