രാജ്കോട്ട് ദുരന്തം ഉദ്യോഗസ്ഥർക്ക് എതിരേ നടപടി
Tuesday, May 28, 2024 1:28 AM IST
അഹമ്മദാബാദ്: രാജ്കോട്ട് ഗെയിം സോണിലുണ്ടായ തീപിടിത്തത്തിൽ കുട്ടികൾ ഉൾപ്പെടെ 27 പേർ കൊല്ലപ്പെട്ട സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരേ നടപടിയുമായി സംസ്ഥാനസർക്കാർ. ആറ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത സർക്കാർ മൂന്ന് പോലീസ് ഓഫീസർമാരെ നീക്കുകയും ചെയ്തു.
രാജ്കോട്ട് സിറ്റി പോലീസ് കമ്മീഷണർ രാജു ഭാർഗവ, അഡീഷണൽ കമ്മീഷണർ വിധി ചൗധരി, ഡെപ്യൂട്ടി പോലീസ് കമ്മീഷണർ(സോൺ-2) സുധീർകുമാർ ദേശായ് എന്നിവരെയാണു നീക്കിയത്. ഇവർക്കു പകരം നിയമനം നൽകിയിട്ടില്ല.
രാജ്കോട്ട് മുനിസിപ്പൽ കോർപറേഷൻ ടൗൺ പ്ലാനിംഗ് അസിസ്റ്റന്റ് എൻജിനിയർ ജയ്ദീപ് ചൗധരി, അസി. ടൗൺ പ്ലാനർ ഗൗതം ജോഷി, രാജ്കോട്ട് റോഡ്സ് ആൻഡ് ബിൽഡിംഗ്സ് ഡെപ്യൂട്ടി എക്സിക്യൂട്ടീവ് എൻജിനിയർമാരായ എം.ആർ. സുമ, പരസ് കോത്തിയ, പോലീസ് ഇൻസ്പെക്ടർമാരായ വി.ആർ. പാട്ടീൽ, എൻ.ഐ. റാത്തോഡ് എന്നിവരെയാണ് മാനദണ്ഡങ്ങൾ കാറ്റിൽപറത്തി ഗെയിം സോണിന് അനുമതി നൽകിയതിനു സസ്പെൻഡ് ചെയ്തത്. ഫയർ ആൻഡ് സേഫ്റ്റി അനുമതിയില്ലാതെയാണ് ഗെയിം സോൺ പ്രവർത്തിച്ചുവന്നിരുന്നത്.
കേസിൽ ഇതുവരെ രണ്ടുപേർ മാത്രമാണ് അറസ്റ്റിലായിട്ടുള്ളത്. ഗെയിം സോണിലെ ആറു പാർട്ണർമാർക്കെതിരേ കേസെടുത്തിട്ടുണ്ട്. മനുഷ്യനിർമിത ദുരന്തമെന്നാണ് ഗുജറാത്ത് ഹൈക്കോടതി കഴിഞ്ഞദിവസം നിരീക്ഷിച്ചത്.
ഗെയിം സോണിനു സമീപം പെട്രോൾ, ഫൈബർ, ഫൈബർ ഗ്ലാസ് ഷീറ്റുകൾ എന്നിവ സൂക്ഷിച്ചിരുന്നതിനാൽ തീ അതിവേഗം പടർന്നുപിടിക്കാൻ ഇടയാക്കിയെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.