ബിഹാറിൽ തെരഞ്ഞെടുപ്പനന്തര സംഘർഷം; ഒരാൾ കൊല്ലപ്പെട്ടു
Wednesday, May 22, 2024 12:51 AM IST
സാരൺ: ബിഹാറിലെ സാരൺ ജില്ലയിൽ തെരഞ്ഞെടുപ്പിനുശേഷം നടന്ന സംഘർഷത്തിനിടെയുണ്ടായ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു. മൂന്നു പേർക്കു പരിക്കേറ്റു.
ബാഗ തെൽമ മേഖലയിൽ ബിജെപി, ആർജെഡി പ്രവർത്തകരാണ് ഏറ്റുമുട്ടിയത്. തിങ്കളാഴ്ച വോട്ടെടുപ്പിൽ ക്രമക്കേട് നടന്നുവെന്നാരോപിച്ചായിരുന്നു സംഘർഷം. വെടിവയ്പിൽ ചന്ദൻ യാദവ്(25) ആണു കൊല്ലപ്പെട്ടത്. ഇയാൾ ആർജെഡി പ്രവർത്തകനാണെന്നു റിപ്പോർട്ടുണ്ട്. പരിക്കേറ്റ രണ്ടു പേരെ പാറ്റ്നയിലെ ആശുപത്രിയിലേക്കു മാറ്റി.
ആർജെഡി അധ്യക്ഷൻ ലാലുപ്രസാദ് യാദവിന്റെ മകൾ രോഹിണി ആചാര്യയും മുൻ കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡിയുമാണ് സാരണിലെ സ്ഥാനാർഥികൾ. ആക്രമണത്തെ രോഹിണി ആചാര്യയും സഹോദരൻ തേജസ്വി യാദവും അപലപിച്ചു. ബിജെപി നേതാക്കൾ ഭയപ്പാടിലാണെന്നതിന്റെ തെളിവാണ് ആക്രമണമെന്ന് രോഹിണി ആചാര്യ പറഞ്ഞു.
“എന്റെ പ്രവർത്തകർക്കു നീതി കിട്ടണം. എന്റെ മൂന്നു പാർട്ടി പ്രവർത്തകർക്കു നേരേ വെടിവയ്പുണ്ടായി. തെരഞ്ഞെടുപ്പു ദിവസം എനിക്കെതിരേ വധശ്രമമുണ്ടായി. ഞാൻ കഷ്ടിച്ചാണു രക്ഷപ്പെട്ടത്”-രോഹിണി ആചാര്യ കൂട്ടിച്ചേർത്തു.