മണിപ്പുരിലേത് മനുഷ്യാവകാശ ലംഘനമെന്ന് അമേരിക്ക
Wednesday, April 24, 2024 2:25 AM IST
ന്യൂഡൽഹി: മണിപ്പുരിൽ നടന്നത് മനുഷ്യാവകാശ ലംഘനമെന്ന് അമേരിക്കൻ വിദേശകാര്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട്. അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ വാർഷിക മനുഷ്യാവകാശ റിപ്പോർട്ടിലാണ് മണിപ്പുർ വിഷയം പരാമർശിച്ചിരിക്കുന്നത്. മണിപ്പുരിൽ അക്രമം തടയുന്നതിനും സഹായം നൽകുന്നതിനുമുള്ള നടപടികൾ വൈകിച്ചെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കാനും ആവശ്യമായ സഹായം എത്തിക്കാനും കേന്ദ്രസർക്കാരിനോട് ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
എന്നാൽ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ വിദേശ ശക്തികളുടെ ഇടപെടൽ ആവശ്യമില്ലെന്നായിരുന്നു ഇന്ത്യയുടെ നിലപാട്. കുക്കി, മെയ്തെയ് വിഭാഗങ്ങൾ തമ്മിലുള്ള അനുരഞ്ജനത്തിന് ആവശ്യമായ വഴിയൊരുക്കാൻ ആവശ്യപ്പെട്ടതായും റിപ്പോർട്ടിലുണ്ട്.
ബിബിസി ഓഫീസിലെ ആദായനികുതി വകുപ്പിന്റെ പരിശോധനയും ഗുജറാത്ത് കോടതി രാഹുൽ ഗാന്ധിക്ക് വിധിച്ച രണ്ടു വർഷത്തെ തടവുശിക്ഷയും യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടുണ്ട്. കഴിഞ്ഞവർഷത്തെ മനുഷ്യാവകാശ വിഷയങ്ങളും അഭിപ്രായസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട നല്ല കാര്യങ്ങളും റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്.