പൂർണിയയിൽ കറുത്ത കുതിരയാകാൻ പപ്പു യാദവ്
Monday, April 22, 2024 1:24 AM IST
പൂർണിയ: ബിഹാറിലെ പൂർണിയയിൽ സ്വതന്ത്രനായി മത്സരിക്കുന്ന പപ്പു യാദവ് എതിരാളികളായ എൻഡിഎ, ഇന്ത്യാ മുന്നണി സ്ഥാനാർഥികളെ നിഷ്പ്രഭരാക്കുന്നു. ബിഹാറിന്റെ വടക്കുകിഴക്കൻ മൂലയിലുള്ള പൂർണിയയിൽ പപ്പു യാദവ് വിജയിക്കുമെന്നാണ് ഏതാനും ഏജൻസികളുടെ അഭിപ്രായ സർവേകളുടെ കണ്ടെത്തൽ.
2019ൽ ജെഡി-യുവിലെ സന്തോഷ്കുമാർ കുശ്വാഹ 2.63 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനു വിജയിച്ച മണ്ഡലമാണിത്. ഇത്തവണയും കുശ്വാഹ(48)യാണു ജെഡി-യു സ്ഥാനാർഥി. ഹാട്രിക് വിജയമാണു കുശ്വാഹ ലക്ഷ്യമിടുന്നത്. ബീമാ ഭാരതിയാണ് ആർജെഡി സ്ഥാനാർഥി . ഈയിടെ ജെഡി-യു വിട്ട് ആർജെഡിയിലെത്തിയ ആളാണ് ഭാരതി.
മൂന്നു തവണ പൂർണിയയിൽനിന്നു വൻ മാർജിനിൽ വിജയിച്ചിട്ടുള്ളയാളാണ് രാജേഷ് രഞ്ജൻ എന്ന പപ്പു യാദവ്. രണ്ടു തവണ സ്വതന്ത്രനായി വിജയിച്ച ഇദ്ദേഹം ഒരു പ്രാവശ്യം സമാജ്വാദി പാർട്ടി പ്രതിനിധിയായി ലോക്സഭയിലെത്തി.
ഇത്തവണ പൂർണിയ സീറ്റ് കിട്ടുമെന്ന പ്രതീക്ഷയിൽ സ്വന്തം കക്ഷിയായ ജൻ അധികാർ പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിച്ചു. എന്നാൽ, കഴിഞ്ഞതവണ കോൺഗ്രസ് മത്സരിച്ച പൂർണിയ ആർജെഡി ഏറ്റെടുത്തു.
ആർജെഡിയുമായി സൗഹൃദമത്സരമെന്ന പപ്പു യാദവിന്റെ വാദത്തിനു കോൺഗ്രസ് നേതൃത്വത്തിൽനിന്ന് അനുകൂല പ്രതികരണമുണ്ടായിട്ടില്ല. രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാനാണു തന്റെ പോരാട്ടമെന്നാണ് പപ്പു യാദവിന്റെ ഭാഷ്യം. പപ്പു യാദവിനെതിരേ ഇതുവരെ കോൺഗ്രസ് നേതൃത്വം അച്ചടക്ക നടപടി കൈക്കൊണ്ടിട്ടില്ല. അതേസമയം, ഒരു കോൺഗ്രസ് നേതാവുപോലും യാദവിനെ പിന്തുണച്ച് രംഗത്തുവന്നിട്ടില്ല. ഭഗൽപുരിൽ രാഹുൽഗാന്ധി നടത്തിയ തെരഞ്ഞെടുപ്പ് റാലിയിൽ ഇന്ത്യാ മുന്നണി സ്ഥാനാർഥിയെ പ്രതിനിധീകരിച്ച് എത്തിയത് ബീമാ ഭാരതിയായിരുന്നു.
മണ്ഡലത്തിലുടനീളം പപ്പു യാദവ് പ്രചാരണത്തിൽ നിറഞ്ഞുനിൽക്കുകയാണ്. ബിജെപിയുടെ മുന്നാക്ക വോട്ടും മുസ്ലിം-യാദവ് കൂട്ടുകെട്ടും തന്നെ പിന്തുണയ്ക്കുമെന്ന് പപ്പു യാദവ് അവകാശപ്പെടുന്നു. കോൺഗ്രസ് രാജ്യസഭാംഗമായ രൺജീത് രഞ്ജൻ ആണ് പപ്പു യാദവിന്റെ ഭാര്യ. മുന്പ് ബിഹാറിലെ സുപോളിൽനിന്ന് രൺജീത് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ബീമാ ഭാരതിയുടെ വിജയം ആർജെഡി നേതൃത്വത്തിന് അഭിമാനപ്രശ്നമാണ്. രൂപൗലി നിയമസഭാ മണ്ഡലത്തിൽനിന്ന് അഞ്ചു തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഭാരതി (51) ഗംഗോത സമുദായക്കാരിയാണ്. പൂർണിയ ജില്ലയിൽ ഏറെ സ്വാധീനമുള്ള വിഭാഗമാണിത്.
ബിമാ ഭാരതി പത്രിക നല്കിയപ്പോൾ തേജസ്വി യാദവ് ഒപ്പമുണ്ടായിരുന്നു. മറ്റു മണ്ഡലങ്ങളിൽ എൻഡിഎയ്ക്കെതിരേ ആഞ്ഞടിക്കുന്ന തേജസ്വി പൂർണിയയിൽ പപ്പു യാദവിനെതിരേ രൂക്ഷ ആക്രമണമാണു നടത്തുന്നത്.