സൂറത്തിൽ കോൺഗ്രസ് സ്ഥാനാർഥിയുടെ പത്രിക തള്ളി
Monday, April 22, 2024 1:23 AM IST
സൂറത്ത്: കോണ്ഗ്രസിന്റെ സൂറത്ത് ലോക്സഭാ സ്ഥാനാർഥി നിലേഷ് കുംഭാനിയുടെയും ഡമ്മി സ്ഥാനാർഥിയുടെയും നാമനിർദേശ പത്രിക തള്ളി. സ്ഥാനാർഥികളെ പിന്തുണച്ചു കൊണ്ടുള്ളവരുടെ ഒപ്പ് വ്യാജമാണെന്ന ആക്ഷേപത്തെത്തുടർന്നാണ് പത്രിക തള്ളിയത്. ഒപ്പ് തങ്ങളുടേതല്ലെന്ന് പിന്തുണച്ചവർ ജില്ലാ ഇലക്ഷൻ ഓഫീസറെ അറിയിക്കുകയായിരുന്നു.
ബിജെപി സ്ഥാനാർഥി മുകേഷ് ദലാലിന്റെ തെരഞ്ഞെടുപ്പ് ഏജന്റ് ദിനേശ് ജോധാനി ശനിയാഴ്ച നാമനിർദേശ പത്രികയെ ചോദ്യം ചെയ്തിരുന്നു. തുടർന്ന്, പിന്തുണച്ചവരെ ഹാജരാക്കാൻ ഇന്നലെ രാവിലെ വരെ കോണ്ഗ്രസ് സ്ഥാനാർഥികൾക്കു റിട്ടേണിംഗ് ഓഫീസർ അവസരം നൽകിയിരുന്നു. എന്നാൽ, ഇവരെ ഹാജരാക്കാൻ സ്ഥാനാർഥികൾക്ക് കഴിഞ്ഞില്ല.
നിലേഷ് കുംഭാനിയും സുരേഷ് പപദ്സലയും സമർപ്പിച്ച നാമനിർദേശ പത്രികകളിൽ നിർദ്ദേശിച്ചവരുടെ ഒപ്പുകളിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയെന്നും അതിനാൽ അവ നിരസിച്ചതായും റിട്ടേണിംഗ് ഓഫീസർ സൗരഭ് പർധി തന്റെ ഉത്തരവിൽ പറഞ്ഞു.