വോട്ടിംഗ് മെഷീനിൽ കൃത്രിമം കാണിച്ചാൽ ശിക്ഷയുണ്ടോയെന്ന് സുപ്രീംകോടതി
സെബിൻ ജോസഫ്
Wednesday, April 17, 2024 3:04 AM IST
ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ (ഇവിഎം) എന്തെങ്കിലും കൃത്രിമം കാണിക്കുകയോ തിരിമറി നടത്തുകയോ ചെയ്താൽ ഉദ്യോഗസ്ഥരെയും അധികാരികളെയും ശിക്ഷിക്കാൻ എന്തെങ്കിലും നിയമമുണ്ടോയെന്ന് സുപ്രീംകോടതി.
കഠിനമായ ശിക്ഷയില്ലെങ്കിൽ കൃത്രിമത്തിന് സാധ്യതയുണ്ടെന്നും ജസ്റ്റീസ് സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ഇവിഎം വഴി രേഖപ്പെടുത്തിയ വോട്ടുകൾ വിവിപാറ്റ് സംവിധാനത്തിലൂടെ ലഭിക്കുന്ന പേപ്പർ സ്ലിപ്പുകൾ ഉപയോഗിച്ച് കൃത്യതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
ഇവിഎം വഴി വോട്ടിംഗ് രേഖപ്പെടുത്താൻ തീരുമാനിച്ച മിക്ക യൂറോപ്യൻ രാജ്യങ്ങളും ബാലറ്റ് പേപ്പറിലേക്ക് മടങ്ങിയതായി ഹർജിക്കാരിൽ ഒരാളായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ പറഞ്ഞു. പേപ്പർ ബാലറ്റിലേക്ക് വോട്ടെടുപ്പ് സംവിധാനത്തെ തിരികെ കൊണ്ടുവരണം. അല്ലെങ്കിൽ എല്ലാ ബൂത്തുകളിലും വിവിപാറ്റ് മെഷീൻ ഏർപ്പെടുത്തുകയും ഇവ എണ്ണി നോക്കുകയും ചെയ്യാം. വിവിപാറ്റ് മെഷീന്റെ ഡിസൈൻ മാറ്റി സുതാര്യമാക്കണമെന്നും ആർക്കാണ് വോട്ട് ചെയ്തതെന്ന് വോട്ടർമാർക്കു കൃത്യമായി കാണാൻ സാധിക്കണമെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു.
ബാലറ്റിലേക്ക് ജർമനി തിരിച്ചുപോയെന്ന് പ്രശാന്ത് ഭൂഷൺ പറഞ്ഞപ്പോൾ ജർമനിയുടെ ജനസംഖ്യ എത്രയാണെന്ന് ജസ്റ്റീസ് ദീപാങ്കർ ദത്ത ചോദിച്ചു. ജർമനിയിൽ വോട്ടർമാരുടെ എണ്ണം ആറു കോടിയാണെങ്കിൽ ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത വോട്ടർമാരുടെ എണ്ണം തൊണ്ണൂറ്റിയേഴ് കോടിയാണെന്ന് ജസ്റ്റീസ് ഖന്ന പറഞ്ഞു. ഇവിഎമ്മുകളിൽ രേഖപ്പെടുത്തുന്ന വോട്ടുകൾ വിവിപാറ്റ് സ്ലിപ്പുകളുമായി താരതമ്യം ചെയ്യണമെന്ന് ഹർജിക്കാർക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സഞ്ജയ് ഹെഗ്ഡെ പറഞ്ഞു. പോൾ ചെയ്യപ്പെടുന്ന 60 കോടിയോളം വിവിപാറ്റുകൾ എണ്ണിതിട്ടപ്പെടുത്തണമോയെന്ന് ജസ്റ്റീസ് ഖന്ന ചോദിച്ചു.
സംവിധാനത്തെ സംശയിക്കേണ്ട കാര്യമില്ല. ബാഹ്യ ഇടപെടലുകളാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. ഇതൊഴിവാക്കാൻ എന്തെങ്കിലും നിർദേശമുണ്ടെങ്കിൽ നൽകാമെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ അഭിഭാഷകരോട് സുപ്രീംകോടതി പറഞ്ഞു. നിലവിൽ ഒരു മണ്ഡലത്തിൽ അഞ്ചു ശതമാനം വിവിപാറ്റ് മെഷീൻ മാത്രമാണ് ഉപയോഗിക്കുന്നത്. തങ്ങൾക്ക് ഒരു ദുരുദ്ദേശ്യവുമില്ലെന്നും താൻ ചെയ്ത വോട്ടിൽ വോട്ടർമാർക്കുള്ള വിശ്വാസമാണ് പ്രശ്നമെന്നും ഹർജിക്കാർക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ കോടതിയിൽ പറഞ്ഞു.
വോട്ടെടുപ്പ്, ഇവിഎമ്മുകളുടെ സംഭരണം, വോട്ടെണ്ണൽ എന്നിവയെക്കുറിച്ച് കോടതി തെരഞ്ഞെടുപ്പു കമ്മീഷനോട് ചോദിച്ചു. ഇവിഎമ്മുകളിൽ കൃത്രിമം കാട്ടിയാൽ കർശന ശിക്ഷ നൽകാൻ നിലവിൽ വ്യവസ്ഥയില്ലെന്ന് ജസ്റ്റീസ് ഖന്ന ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ തെരഞ്ഞെടുപ്പിനെ വിദേശ രാജ്യങ്ങളിലേതുമായി താരതമ്യം ചെയ്യരുതെന്ന് ജസ്റ്റീസ് ദീപാങ്കർ ദത്ത ഹർജിക്കാരുടെ അഭിഭാഷകനോട് ആവശ്യപ്പെട്ടു. ഹർജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.