ചൊവ്വാഴ്ച രാജിവയ്ക്കുമെന്ന് കൽക്കട്ട ഹൈക്കോടതി ജഡ്ജി
Monday, March 4, 2024 1:28 AM IST
കോൽക്കത്ത: പശ്ചിമബംഗാളിൽ രാഷ്ട്രീയവിവാദം സൃഷ്ടിച്ച ഒട്ടേറെ വിധിന്യായങ്ങൾ എഴുതിയ കൽക്കട്ട ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അഭിജിത് ഗംഗോപധ്യായ രാജിവയ്ക്കാനൊരുങ്ങുന്നു. ചൊവ്വാഴ്ച രാജിവച്ചശേഷം മാധ്യമങ്ങളെ കാണുമെന്ന് പറഞ്ഞ ജസ്റ്റീസ് അഭിജിത് രാജിയ്ക്കുള്ള കാരണം പരസ്യമാക്കിയില്ല.
രാഷ്ട്രീയത്തിൽ ഇറങ്ങിയേക്കാമെന്ന അഭ്യൂഹങ്ങളോടും അദ്ദേഹം പ്രതികരിച്ചില്ല. രാഷ്ട്രപതിക്കായിരിക്കും രാജിക്കത്ത് സമർപ്പിക്കുക. പകർപ്പ് സുപ്രീംകോടതി ചീഫ് ജസ്റ്റീസിനും കൽക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റീസിനും നൽകുമെന്നും അദ്ദേഹം പറഞ്ഞു.
പശ്ചിമബംഗാളിലെ അധ്യാപക-അനധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട കേസുകളിൽ സിബിഐയ്ക്കും ഇഡിയ്ക്കും ജസ്റ്റീസ് ഗംഗോപധ്യായ നല്കിയ ഒട്ടേറെ നിർദേശങ്ങൾ പശ്ചിമബംഗാളിലെ തൃണമൂൽ സർക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു. ഒരാഴ്ചയായി അദ്ദേഹം അവധിയിൽ തുടരുകയാണ്.