ബംഗളൂരു കഫേ സ്ഫോടനം: ഇരുട്ടിൽത്തപ്പി അന്വേഷണസംഘം
Monday, March 4, 2024 1:28 AM IST
ബംഗളൂരു: ബംഗളൂരുവിലെ ബ്രൂക്ക്ഫീൽഡിൽ തിരക്കേറിയ രാമേശ്വരം കഫേയില്‍ വെള്ളിയാഴ്ചയുണ്ടായ സ്ഫോടനത്തിന്റെ പിന്നിൽപ്രവർത്തിച്ചവരെ കണ്ടെത്താനാകാതെ അന്വേഷണസംഘം കുഴങ്ങുന്നു.
വ്യാപാരത്തിലെ തര്‍ക്കം, ലോക്സഭാ തെരഞ്ഞെടുപ്പ്, അതുമല്ലെങ്കില്‍ ബംഗളൂരുവില്‍ നിക്ഷേപത്തിന് ശ്രമിക്കുന്നവരെ ഭീഷണിപ്പെടുത്തൽ എന്നിവയിൽ ഏതെങ്കിലുമാകാം സ്ഫോടനത്തിനു പിന്നിൽ എന്ന നിഗമനത്തിലാണ് അന്വേഷണസംഘം. ഇതിന്റെ ചുവടുപിടിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി ഡോ.ജി. പരമേശ്വര പറഞ്ഞു.
തൊപ്പിയും മാസ്കും കണ്ണടയും ധരിച്ച് ഭക്ഷണശാലയിൽ എത്തിയ ഒരാളാണു സ്ഫോടനം നടത്തിയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇയാളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. അന്‍പതോളം സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്നാണ് അന്വേഷണമെന്നും മന്ത്രി പറഞ്ഞു.
എട്ട് സംഘങ്ങളെയാണ് അന്വേഷണത്തിനു നിയോഗിച്ചിരിക്കുന്നത്. ദേശീയ അന്വേഷണ ഏജന്‍സി, ദേശീയ സുരക്ഷാ ഗ്രൂപ്പ് (എന്‍എസ്ജി) രഹസ്യാന്വേഷണ വിഭാഗം എന്നിവയുടെ സഹകരണവുമുണ്ട്.
തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു സാധ്യതയുണ്ടെന്നു പ്രചരിപ്പിക്കുകയാകാം ലക്ഷ്യം എന്നതാണ് ഒരു നിഗമനം. സംസ്ഥാനത്തെ ഉറച്ച ഒരു സർക്കാർ തുടരുന്ന സാഹചര്യത്തിൽ നിക്ഷേപകരെ ഭീതിപ്പെടുത്തുക എന്നതാകാം ലക്ഷ്യം എന്ന അനുമാനവുമുണ്ട്. വ്യാപാരികള്‍ തമ്മിലുള്ള തര്‍ക്കവും അന്വേഷണപരിധിയിലുണ്ട്. രാമേശ്വരം കഫേ 11 ഇടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. വീണ്ടുമൊരു കേന്ദ്രംകൂടി തുടങ്ങുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായിരുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
മംഗളൂരുവില്‍ 2022 നവംബര്‍ 19നു നടന്ന പ്രഷര്‍കുക്കര്‍ ബോംബ് സ്ഫോടനവുമായി കഫേ സ്ഫോടനത്തിനു സമാനതകളുണ്ട്. എന്നാൽ ഒരേ സംഘമാണ് രണ്ടു സ്ഫോടനങ്ങള്‍ക്കും പിന്നിലെന്ന് കരുതാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി.
കേസിന്റെ അന്വേഷണം ആവശ്യമെങ്കിൽ ദേശീയ അന്വേഷണ ഏജൻസിയ്ക്കു (എൻഐഎ) കൈമാറുമെന്നു കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും വ്യക്തമാക്കി. സെൻട്രൽ ക്രൈംബ്രാഞ്ചാണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്. എൻഐഎയ്ക്കു കൈമാറണമെന്ന ബിജെപിയുടെ ആവശ്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ അന്വേഷണം തുടങ്ങിയിട്ടേ ഉള്ളൂ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.