രാഷ്ട്രീയ ഇന്നിംഗ്സ് അവസാനിപ്പിക്കാൻ ഗൗതം ഗംഭീർ
Sunday, March 3, 2024 1:47 AM IST
ന്യൂഡൽഹി: ബിജെപി എംപിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീർ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നു. രാഷ്ട്രീയ ചുമതലകളിൽനിന്ന് തന്നെ ഒഴിവാക്കണമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയോട് ആവശ്യപ്പെട്ടതായി താരം സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു.
ഈസ്റ്റ് ഡൽഹിയിൽ നിന്നുള്ള ലോക്സഭാ അംഗമാണ് ഗൗതം ഗംഭീർ. ഇന്നലെ ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തു വരുന്നതിന് മുൻപാണ് ഗംഭീർ ഇക്കാര്യം അറിയിച്ചത്.
""ക്രിക്കറ്റുമായി ബന്ധപ്പെട്ട് വരാനിരിക്കുന്ന ഉത്തരവാദിത്വത്തിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടതിനാൽ രാഷ്ട്രീയ ചുമതലകളിൽനിന്ന് ഒഴിവാക്കണമെന്ന് പാർട്ടി അധ്യക്ഷൻ ജെ.പി.നഡ്ഡയോട് ഞാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങളെ സേവിക്കാൻ അവസരം നൽകിയതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും നന്ദി അറിയിക്കുന്നു.'' ഗംഭീർ എക്സിൽ കുറിച്ചു.