രണ്ടു വർഷം എന്തെടുക്കുകയായിരുന്നു?; ഗവർണറെ കുടഞ്ഞ് സുപ്രീംകോടതി
Thursday, November 30, 2023 1:56 AM IST
ന്യൂഡൽഹി: നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാൻ വൈകിയ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേ കടുത്ത വിമർശനവുമായി സുപ്രീംകോടതി. രണ്ട് വർഷത്തോളം ബില്ലുകളിൽ ഗവർണർ എന്തെടുക്കുകയായിരുന്നുവെന്ന് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആരാഞ്ഞു.
ബില്ലുകൾ പിടിച്ചുവച്ചതിൽ കൃത്യമായ കാരണം ഗവർണർ അറിയിച്ചില്ല. ഭരണഘടനാപരമായി ഗവർണർക്ക് സുതാര്യത വേണ്ടേയെന്ന് ചോദിച്ച കോടതി, നിയമസഭ പാസാക്കിയ ധനബില്ലിൽ ഉടൻ തീരുമാനമെടുക്കാനും ഗവർണറോട് നിർദേശിച്ചു.
ഗവർണറുടെ പരിഗണനയിലുണ്ടായിരുന്ന എട്ട് ബില്ലുകളിൽ ഏഴെണ്ണം രാഷ്ട്രപതിക്ക് അയച്ചതായും ഒരെണ്ണത്തിന് അനുമതി നൽകിയതായും അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി സുപ്രീംകോടതിയെ അറിയിച്ചു. എന്നാൽ, ചട്ടങ്ങൾ പാലിക്കാതെയാണ് ഗവർണർ ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ചതെന്ന് കേരളത്തിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ കെ.കെ. വേണുഗോപാൽ സുപ്രീംകോടതിയിൽ ചൂണ്ടിക്കാട്ടി.
ബില്ലുകൾ അനന്തമായി വൈകിക്കുന്ന നടപടി കോടതിയോടുള്ള അനാദരവാണ്. നിലവിലെ നടപടി വഴി ബാക്കി ബില്ലുകൾ ഒപ്പിടുന്നത് നീട്ടിക്കൊണ്ടുപോകാനാണ് ഗവർണർ ശ്രമിക്കുന്നതെന്നും കെ.കെ. വേണുഗോപാൽ ചൂണ്ടിക്കാട്ടി.
രാഷ്ട്രപതിക്ക് അയച്ച ബില്ലുകളിൽ മൂന്നെണ്ണം നേരത്തേ ഓർഡിനൻസായി ഇറക്കിയപ്പോൾ ഗവർണർ ഒപ്പുവച്ചതാണ്. ഓർഡിനൻസുകളിൽ പ്രശ്നം ഒന്നും കാണാതിരുന്ന ഗവർണർക്ക് പിന്നീട് അവ ബില്ലുകൾ ആയപ്പോൾ പിടിച്ചുവയ്ക്കാൻ അധികാരമില്ലെന്ന് കെ.കെ. വേണുഗോപാൽ വാദിച്ചു.
രാഷ്ട്രപതിക്ക് ബില്ലുകൾ അയച്ചതിനുള്ള കാരണം ഗവർണർ വ്യക്തമാക്കിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ, ബില്ലുകൾ രാഷ്ട്രപതിക്കയച്ച ഗവർണറുടെ നടപടിയിൽ തത്കാലം ഇടപെടാൻ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇനിയും എട്ട് ബില്ലുകൾ ഗവർണറുടെ പരിഗണനയിലുണ്ടെന്നും അതിൽ ഒന്ന് ധനബില്ലാണെന്നും കെ.കെ. വേണുഗോപാൽ ചൂണ്ടിക്കാട്ടി.
ധനബില്ലിൽ തീരുമാനം വൈകുന്നത് സംസ്ഥാനത്തെ ബാധിക്കുമെന്നും അദ്ദേഹം വാദിച്ചു. തുടർന്ന് ധനബില്ലിൽ തീരുമാനം വൈകാതെ എടുക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു.