പ്രത്യേക ഭരണ സംവിധാനം: കുക്കികളുടെ പ്രതിഷേധം ശക്തമാകുന്നു
Thursday, November 30, 2023 1:56 AM IST
ഇംഫാൽ/ചുരാചന്ദ്പുർ: പ്രത്യേക ഭരണ സംവിധാനം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മണിപ്പുരിലെ കുക്കി സോ വിഭാഗക്കാർ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ പ്രക്ഷോഭത്തിൽ.
ചുരാചന്ദ്പുരിൽ യോ യുണൈറ്റഡിന്റെ കീഴിൽ ലാംക പൊതുമൈതാനം മുതൽ ഡിസി ഓഫീസിനു സമീപംവരെയുള്ള മൂന്നു കിലോമീറ്ററോളം നീളുന്ന റാലിയാണ് പ്രക്ഷോഭകർ സംഘടിപ്പിച്ചത്.
കുക്കി സോ വിഭാഗക്കാർക്കു മേധാവിത്വമുള്ള ജില്ലകളിൽ പ്രത്യേക ഭരണസംവിധാനത്തിന് കേന്ദ്രം ഉടൻ നടപടി സ്വീകരിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ചുരാചന്ദ്പുർ ഡെപ്യൂട്ടി കമ്മീഷണർ മുഖേന നിവേദനവും കൈമാറി.
സമാനമായ നിവേദനം നൽകിയിരുന്നുവെന്നും എന്നാൽ കേന്ദ്രസർക്കാർ ഒരുതരത്തിലുള്ള മറുപടിയും നൽകിയിട്ടില്ലെന്നും സോ യുണൈറ്റഡിന്റെ കൺവീനർ പറഞ്ഞു. മേയ് മൂന്നിനു ശേഷം കുക്കികൾ അനുഭവിക്കുന്ന പീഡനങ്ങളുടെ പശ്ചാത്തലത്തിൽ പ്രത്യേക ഭരണ സംവിധാനം അനിവാര്യമാണ്. നല്ല അയൽക്കാർ എന്ന നിലയിൽ മാത്രമേ ഇനി മുതൽ മെയ്തേ വിഭാഗക്കാർക്കൊപ്പം കഴിയാൻ സാധിക്കൂ എന്നും കൺവീനർ വ്യക്തമാക്കി.
കമ്മിറ്റി ഓൺ ട്രൈബൽ യൂണിറ്റിയുടെ നേതൃത്വത്തിലായിരുന്നു കാങ്പോക്പി ജില്ലയിലും മിസോറാമുമായി അതിർത്തി പങ്കിടുന്ന പെർസ്വാൽ ജില്ലയിലും പ്രതിഷേധം. തെങ്നുപാൽ, സൈകുൽ എന്നിവിടങ്ങളിലും അതിശക്തമായ പ്രതിഷേധമാണ് അരങ്ങേറിയത്.
പ്രതിഷേധത്തെത്തുടർന്ന് ജില്ലാ ആസ്ഥാനങ്ങളിലും ചുരാചന്ദ്പുർ, ബിഷ്ണുപുർ, കാങ്പോക്പി തുടങ്ങിയ ജില്ലകളിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്.