പെരിയാർ പാർക്കിംഗ്: ശാസ്ത്രീയ സർവേ നടത്താൻ സുപ്രീംകോടതി നിർദേശം
Wednesday, November 29, 2023 2:03 AM IST
ന്യൂഡൽഹി: പെരിയാർ കടുവാ സങ്കേതത്തിനു മുന്നിലായി കേരളം നിർമിച്ച മെഗാ പാർക്കിംഗ് സംവിധാനം തമിഴ്നാടിന്റെ പാട്ടഭൂമിയിലാണോയെന്നു സർവേ നടത്താൻ സുപ്രീംകോടതി നിർദേശം. കേന്ദ്ര ശാസ്ത്ര- സാങ്കേതിക മന്ത്രാലയത്തിനു കീഴിലുള്ള ദേശീയ മാപ്പിംഗ് ഏജൻസിയായ സർവേ ഓഫ് ഇന്ത്യയോടാണു സർവേ നടത്താൻ കോടതി നിർദേശിച്ചത്.
മൂന്നു മാസത്തിനുള്ളിൽ സർവേ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണം. കേരള, തമിഴ്നാട് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാകണം സർവേ. ജിപിഎസ്, ഡിജിറ്റൽ ലെവലിംഗ് സംവിധാനം, ടോട്ടല്‍ സ്റ്റേഷൻ എന്നിവ ഉപയോഗിച്ചു വ്യക്തമായ അളവുകോലുകളോടെ ശാസ്ത്രീയമാകണം സർവേയെന്നും കോടതി നിർദേശിച്ചു.
അവ്യക്തതകൾക്കും ആരോപണങ്ങൾക്കും അവസരം നൽകരുതെന്നും ജസ്റ്റീസുമാരായ എസ്.ഒ.കെ. അഭയ്, പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ച് ഓർമപ്പെടുത്തി.
പെരിയാർ കടുവാ സങ്കേതത്തിലെത്തുന്ന സഞ്ചാരികൾക്കുവേണ്ടിയാണ് കേരള സർക്കാർ വിപുലമായ പാർക്കിംഗ് സൗകര്യം നിർമിച്ചത്. കേരളത്തിന്റെ ഭൂമിയിലാണു പാർക്കിംഗ് സംവിധാനമെന്ന് കേരളം ചൂണ്ടിക്കാട്ടി.
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ നിർമാണം, ഡാമിലെ ജലസംഭരണം എന്നിവ സംബന്ധിച്ചായിരുന്നു ബ്രിട്ടീഷുകാരുമായി തിരുവിതാംകൂർ രാജകുടുംബം ഒപ്പുവച്ച 1886ലെ കരാർ. കരാറിൽ വിശദീകരിക്കുന്ന 155 അടി കോണ്ടൂർ ലൈനിന് ഉള്ളിലല്ല പുതിയ വാഹന പാർക്കിംഗ് സൗകര്യം നിർമിച്ചിരിക്കുന്നതെന്നും കേരളം വാദിച്ചു.
എന്നാൽ 1886ലെ മുല്ലപ്പെരിയാർ കരാറനുസരിച്ച് തമിഴ്നാടിനു ലഭിച്ച പാട്ടഭൂമിയിലാണു വാഹന പാർക്കിംഗ് സംവിധാനം നിർമിച്ചതെന്നാണ് തമിഴ്നാടിന്റെ അവകാശവാദം. ഇക്കാര്യം ഉന്നയിച്ച് സുപ്രീംകോടതിയിൽ തമിഴ്നാട് സർക്കാരാണു ഹർജി നൽകിയത്. അഭിഭാഷകനായ ജി. പ്രകാശും കേരളത്തിനുവേണ്ടി ഹാജരായി.