"രക്ഷാകുഴൽ'; തൊഴിലാളികൾക്കരികിലേക്ക് പുതിയ പൈപ്പ്
Tuesday, November 21, 2023 2:05 AM IST
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലുള്ള സിൽക്യാര- ദന്തൽഗാവ് തുരങ്കത്തിൽ കഴിഞ്ഞ പത്തു ദിവസമായി കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾക്കരികിലേക്ക് ഡ്രില്ലിംഗിലൂടെ പൈപ്പ് എത്തിച്ചു. ഇതോടെ രക്ഷാദൗത്യം വഴിത്തിരിവിലെത്തിയിരിക്കുകയാണ്.
കൂറ്റൻ ഓഗർ മെഷീൻ ഉപയോഗിച്ചു നടത്തിവന്ന ഡ്രില്ലിംഗിനൊടുവിലാണ് ഇന്നലെ വൈകുന്നേരത്തോടെ ആറിഞ്ച് വ്യാസമുള്ള പൈപ്പ് തൊഴിലാളികൾക്കരികിലേക്ക് എത്തിക്കാനായത്. ഈ പൈപ്പിലൂടെ തൊഴിലാളികൾക്ക് ആവശ്യമായ ഭക്ഷണവും മരുന്നുമെല്ലാം ഇന്നലെത്തന്നെ എത്തിച്ചുനൽകി.
ഖരരൂപത്തിലുള്ളതും പോഷകസമൃദ്ധവുമായ ഭക്ഷണവും മരുന്നും എത്തിക്കാനായത് വലിയ ആശ്വാസമായെന്നാണ് രക്ഷാപ്രവർത്തകർ പറഞ്ഞത്. ഇതുവരെ ദ്രവരൂപത്തിലുള്ള ഭക്ഷണമായിരുന്നു ചെറിയ പൈപ്പ് വഴി നൽകിയിരുന്നത്. തൊഴിലാളികളുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനായി പ്രത്യേക ഭക്ഷണ മെനു തയാറാക്കാൻ ന്യൂട്രീഷൻ രംഗത്തെ വിദഗ്ധരോട് അധികൃതർ നിർദേശിച്ചിട്ടുണ്ട്.
ഒരു ഫോണും ചാർജറും പൈപ്പിലൂടെ തൊഴിലാളികൾക്കരികിലേക്ക് കടത്തിവിട്ടിട്ടുണ്ട്. ഇതിലൂടെ അവരുമായി കൂടുതൽ ആശയവിനിമയം നടത്താനും ആരോഗ്യസ്ഥിതി നിരീക്ഷിക്കാനുമാകും. തുരങ്കത്തിനുള്ളിൽ വൈദ്യുതിയും കുടിവെള്ള പൈപ്പ് ലൈനും ഉള്ളതും വലിയ ആശ്വാസമാണ്.
രക്ഷാപ്രവർത്തകരെ സഹായിക്കുന്നതിനായി പ്രതിരോധ ഗവേഷണ വികസന വിഭാഗ(ഡിആർഡിഒ)ത്തിന്റെ കീഴിലുള്ള റോബോട്ടിക് മെഷീൻ ടീം സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്റർനാഷണൽ ടണലിംഗ് ആൻഡ് അണ്ടർഗ്രൗണ്ട് സ്പേസ് അസോസിയേഷൻ പ്രസിഡന്റ് ആർനോൾഡ് ഡിക്സിന്റെ നേതൃത്വത്തിൽ തുരങ്കനിർമാണരംഗത്തെ രാജ്യാന്തര വിദഗ്ധസംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.
യുദ്ധകാലാടിസ്ഥാനത്തിലാണ് രക്ഷാദൗത്യം പുരോഗമിക്കുന്നത്. ഒരുവശത്ത് മലമുകളിൽനിന്ന് ലംബമായി ഡ്രില്ലിംഗ് നടത്തി പൈപ്പ് ഇറക്കുന്ന പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്നു. തുരങ്കമുഖത്തുകൂടി ഡ്രില്ലിംഗിലൂടെ വലിയ പൈപ്പ് എത്തിച്ച് അതിലൂടെ തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള പ്രവൃത്തിയും മറുവശത്തു നടക്കുന്നു.