നയതന്ത്ര പിന്തുണയില്ല; ഇന്ത്യയിലെ അഫ്ഗാൻ എംബസി അടച്ചു
സ്വന്തം ലേഖകൻ
Monday, October 2, 2023 4:24 AM IST
ന്യൂഡൽഹി: ഇന്ത്യയിലെ എംബസിയുടെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് അഫ്ഗാനിസ്ഥാൻ. ഇന്ത്യയിൽനിന്നു നയതന്ത്ര പിന്തുണ ലഭിക്കാത്തത് രാജ്യത്തിന്റെ താത്പര്യങ്ങൾ നിറവേറ്റാൻ തടസമാകുന്നുവെന്നും എംബസിയുടെ പ്രവർത്തനത്തിന് ആവശ്യമായ ജീവനക്കാരുടെയും വിഭവങ്ങളുടെയും ദൗർലഭ്യമുണ്ടെന്നും ഇതാണു പ്രവർത്തനം അവസാനിപ്പിക്കാൻ കാരണമെന്നും അഫ്ഗാൻ എംബസി വ്യക്തമാക്കി.
ഡൽഹി ശാന്തിപഥിലെ എംബസിയും അനുബന്ധ വസ്തുക്കളും ഇന്ത്യൻ സർക്കാരിന് വിട്ടുനൽകിയതായും എംബസിയുടെ നിയന്ത്രണം കെയർടേക്കർ പദവിയിൽ ഇന്ത്യ ഏറ്റെടുക്കുമെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
അഫ്ഗാനിസ്ഥാനിലെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിച്ച് താലിബാൻ അധികാരത്തിലേറി രണ്ടു വർഷത്തിനുശേഷമാണ് എംബസി അടച്ചുപൂട്ടുന്നതായുള്ള പ്രഖ്യാപനം. അവശ്യഘട്ടങ്ങളിൽ അഫ്ഗാന് പിന്തുണ നൽകുന്നതിൽ ഇന്ത്യൻ സർക്കാർ പരാജയപ്പെട്ടുവെന്നായിരുന്നു എംബസിയുടെ പ്രധാന ആരോപണം.
എംബസിയിലെ ആഭ്യന്തരപ്രശ്നമാണു പ്രവർത്തനങ്ങൾ അവസാനിപ്പിച്ചതിനു പിന്നിലെന്ന പ്രചരണം വാർത്താക്കുറിപ്പിൽ നിഷേധിച്ചു. താലിബാൻ അധികാരം പിടിച്ചെടുക്കുന്നതിനുമുന്പ് അഷ്റഫ് ഗനി സർക്കാർ നിയമിച്ച ഫരീദ് മമുണ്ഡ്സയാണ് അംബാസഡറായി പ്രവർത്തിച്ചിരുന്നത്. 2021 ഓഗസ്റ്റിൽ താലിബാൻ സേന അഫ്ഗാൻ പിടിച്ചെടുത്തശേഷവും ഫരീദ് അംബാസഡർ പദവിയിൽ തുടരുകയായിരുന്നു.