കനേഡിയന്‍ പോലീസില്‍ മലയാളി യുവാവും
ജിജു കോതമംഗലം
Monday, October 2, 2023 4:23 AM IST
കോതമംഗലം: കനേഡിയന്‍ പോലീസില്‍ കുറുപ്പംപടി സ്വദേശിയും. കുറുപ്പംപടി തുരുത്തി പുളിക്കല്‍ പി.പി. അവറാച്ചന്റെ മകന് ഡോണ്‍ (25) ആണ് കനേഡിയന്‍ പോലീസ് സേനയില്‍ അംഗമായത്. 2017ല്‍ പ്ലസ് ടു കഴിഞ്ഞ് ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗ് ഡിപ്ലോമ പഠിക്കാനാണ് ഡോൺ കാനഡയിലേക്കു പോയത്.
സേനയിൽ പ്രവേശിക്കുകയെന്ന നിശ്ചയദാര്‍ഢ്യത്തിന്റെയും നിരന്തരമായ കഠിനപ്രയത്നത്തിന്റെയും ഫലമായി കഴിഞ്ഞ 27ന് കാനഡയിലെ ഒന്റാരിയോ ന്യൂ മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ പോലീസ് ഓഫീസറായി ഡോണ്‍ സത്യപ്രതിജ്ഞ ചെയ്തു.
പിആര്‍ ലഭിച്ചതിനുശേഷം ഒന്നര വര്‍ഷം സെക്യൂരിറ്റി മേഖലയില്‍ സേവനമനുഷ്ഠിച്ച ഡോണ്‍ വോളന്റിയറിംഗ് ജോലിയും ചെയ്തിരുന്നു. ആപ്ലിക്കേഷന്‍ പ്രൊഫൈല്‍ ശക്തിപ്പെടുത്തുന്നതിനുവേണ്ടിയായിരുന്നു ഇത്. 11 മാസം നീണ്ടുനിന്ന ആപ്ലിക്കേഷന്‍ പ്രോസസിംഗായിരുന്നു ഡോണിന്റേത്.
എഴുത്തുപരീക്ഷ, ഫിസിക്കല്‍ ടെസ്റ്റ്, ഇന്റര്‍വ്യൂ, സൈക്കോളജിക്കല്‍ അസസ്മെന്റ്, ബാക്ക്ഗ്രൗണ്ട് ഇന്‍വെസ്റ്റിഗേഷന്‍, ഡ്രൈവിംഗ് അസസ്മെന്റ്, മെഡിക്കല്‍ എക്സാം തുടങ്ങി ഒമ്പതോളം ഘട്ടങ്ങളിലായിരുന്നു നിയമനപ്രക്രിയ.
കണ്ടീഷണല്‍ ഓഫര്‍ ലെറ്റര്‍ കൈപ്പറ്റിയെങ്കിലും വീണ്ടും ആറു മാസം പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയതിനുശേഷമാണ് ഡോണിനു നിയമനം ലഭിച്ചത്. കാനഡയില്‍ വിവിധ പ്രവിശ്യകളില്‍ വേറെയും മലയാളി ഓഫീസർമാരുണ്ടെന്ന് ഡോണ്‍ പറഞ്ഞു.
ഡോണിന്റെ പിതാവ് പി.പി. അവറാച്ചന് എറണാകുളം ജില്ലയിലെ മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റാണ്. അമ്മ ഷീജ കേരള ബാങ്ക് കോതമംഗലം ശാഖയില്‍ അസിസ്റ്റന്റ് മാനേജരായി സേവനമനുഷ്ഠിക്കുന്നു. സഹോദരന് റോണ്‍ പ്ലസ് ടു പൂര്‍ത്തിയാക്കിയതിനുശേഷം മെഡിക്കല്‍ എന്‍ട്രന്‍സിനുള്ള തയാറെടുപ്പിലാണ്.