വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു
Saturday, September 30, 2023 1:28 AM IST
ന്യൂഡൽഹി: വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപദി മുർമു ഒപ്പുവച്ചു. ബില്ലിൽ ഉപരാഷ്ട്രപതി ജയ്ദീപ് ധൻഖർ ഒപ്പുവച്ചതിനു പിന്നാലെയാണ് രാഷ്ട്രപതിക്കു കൈമാറിയത്.
പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിലെ നീണ്ട ചർച്ചകൾക്കു പിന്നാലെയാണ് ലോക്സഭയും രാജ്യസഭയും ബിൽ പാസാക്കിയത്. ഇനി രാജ്യത്തെ പകുതി നിയമസഭകളെങ്കിലും ഈ ബിൽ പാസാക്കുന്നതോടെ നിയമമാകും.
വനിതാ സംവരണം 2026നു ശേഷമേ നടപ്പാകൂവെന്നാണ് കേന്ദ്രമന്ത്രി നിർമല സീതാരാമൻ പറഞ്ഞത്. സെൻസസ്, മണ്ഡല പുനർനിർണയ നടപടികൾ പൂർത്തിയായാലേ നിയമം നടപ്പാക്കാനാകൂ.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷമേ ഈ നടപടികൾ ആരംഭിക്കൂവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും വ്യക്തമാക്കിയതോടെ വനിതാ സംവരണ ബിൽ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ബിജെപിയുടെ രാഷ്ട്രീയ തന്ത്രമാണെന്ന് കോണ്ഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ ആരോപിച്ചിരുന്നു.