ഇന്ത്യ സഖ്യത്തിന്റെ വിജയം ഉറപ്പിക്കാൻ കമ്യൂണിസ്റ്റ്-സോഷ്യലിസ്റ്റ് പാർട്ടികൾ
Saturday, September 30, 2023 1:28 AM IST
ന്യൂഡൽഹി: ചെറുപാർട്ടികളെ കോർത്തിണക്കി ഇന്ത്യ സഖ്യത്തിന്റെ വിജയമുറപ്പിക്കാൻ സോഷ്യലിസ്റ്റ് പാർട്ടികൾ ധാരണയിലെത്തി.
ഭാരത് ജോഡോ അഭിയാൻ, ഇന്ത്യൻ കമ്യൂണിസ്റ്റ് ആൻഡ് ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് എന്നിവയുടെ നേതൃത്വത്തിൽ ഡൽഹി കോണ്‍സ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ സംഘടിപ്പിച്ച ജീത്തേഗ ഇന്ത്യ കണ്‍വൻഷനിൽ പ്രമേയവും പാസാക്കി.
സഖ്യത്തിനു പുറത്തുള്ള 18 പാർട്ടികളെ ഇന്ത്യ സഖ്യത്തിന്റെ വിജയത്തിനായി ഒരുമിപ്പിക്കും. നേരിയ വോട്ടിന്റെ വ്യത്യാസത്തിൽ നഷ്ടമാകുന്ന 150 ലോക്സഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചായിരിക്കും ജീതേഗ ഇന്ത്യ പ്രചാരണം നടക്കുക.
ഇതിനായി രാജ്യത്തൊട്ടാകെ ഒന്നേകാൽ ലക്ഷം സന്നദ്ധപ്രവർത്തകരെ സജ്ജമാക്കും. ബിജെപിയുടെ ഐടി, ട്രോൾ സെല്ലുകളെ നേരിടാൻ ട്രൂത്ത് ആർമി രൂപീകരിക്കുമെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു.
ഇരുപതു സംസ്ഥാനങ്ങളിൽനിന്ന് വിവിധ രാഷ്ട്രീയ പാർട്ടികളിലെ 500 പ്രവർത്തകർ കണ്‍വൻഷനിൽ പങ്കെടുത്തു. ബിജെപിക്ക് എതിരേ നിൽക്കുന്ന സമാനപാർട്ടികളുമായി ധാരണയിലെത്തുമെന്ന് സിഎംപി നേതാവ് സി.പി. ജോണ്‍ പറഞ്ഞു.