മണിപ്പുരിൽ രണ്ടു വിദ്യാർഥികളെ ക്രൂരമായി കൊലപ്പെടുത്തി
Wednesday, September 27, 2023 5:26 AM IST
ഇംഫാല്‍: മണിപ്പുരില്‍ കലാപം അതിരൂക്ഷമായ കഴിഞ്ഞ ജൂലൈ ആദ്യം ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയ കൗമാരക്കാരായ വിദ്യാര്‍ഥികൾ അതിക്രൂരമായി കൊല്ലപ്പെട്ടുവെന്നതിനു തെളിവുകൾ പുറത്തുവന്നു. പിജാം ഹേംജിത് (20) എന്ന ആൺകുട്ടിയും ഹിജാം ലിംതോയിപി (17) എന്ന പെൺകുട്ടിയുമാണ് കൊല്ലപ്പെട്ടത്.
ഇരുവരുടെയും മൃതദേഹത്തിന്റെ ദൃശ്യങ്ങള്‍ തിങ്കളാഴ്ചയാണ് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. അഞ്ചുമാസമായി തുടർന്ന ഇന്റർനെറ്റ് നിരോധനം പിൻവലിച്ചു മണിക്കൂറുകൾക്കുള്ളിലാണു ചിത്രങ്ങൾ പ്രചരിച്ചത്. ഇതോടെ നൂറുകണക്കിനു വിദ്യാർഥികൾ ഇംഫാലിൽ പ്രതിഷേധിക്കാൻ തെരുവിലിറങ്ങി. ഉറിപോക്, ഓൾഡ് ലാംബുലെയ്ൻ, ഇംഫാൽ വെസ്റ്റിലെ സിംഗ്ജമേയ് എന്നിവിടങ്ങളിലും പ്രതിഷേധം അരങ്ങേറി.
ഇംഫാലിൽ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിംഗിന്റെ വസതിയിലേക്കു തള്ളിക്കയറാന്‍ ശ്രമിച്ച വിദ്യാര്‍ഥികളെ പിരിച്ചുവിടാന്‍ സുരക്ഷാസേന ലാത്തിച്ചാര്‍ജും കണ്ണീര്‍വാതക പ്രയോഗവും നടത്തി. മുപ്പതിലേറെ വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതിൽ പെൺകുട്ടികളും ഉണ്ട്. ഇംഫാലിലെ സ്കൂളുകളിലും കോളജുകളിലുമുള്ളവരാണ് പ്രതിഷേധത്തിന്റെ മുൻനിരയിലുണ്ടായിരുന്നത്. തൗബാൽ, കക്ചിംഗ്, ബിഷ്ണുപുർ എന്നിവിടങ്ങളിലും സമാനമായ സംഘർഷമുണ്ടായി.
ജൂലൈ ആറിനാണ് മെയ്തെയ് വിഭാഗക്കാരായ വിദ്യാര്‍ഥികളെ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയത്. വനമേഖലയിലെ രഹസ്യകേന്ദ്രത്തിലെ പുല്മേട്ടില് ഇരിക്കുന്ന നിലയിലാണ് കുട്ടികളുടെ ചിത്രങ്ങള്‍. വെളുത്ത ടീ ഷര്‍ട്ട് ധരിച്ച പെണ്‍കുട്ടിയുടെ സമീപമാണു പുറത്ത് ബാഗ് തൂക്കിയ, ഷര്‍ട്ട് ധരിച്ച ആണ്‍കുട്ടി ഇരിക്കുന്നത്.
ഇരുവര്‍ക്കും പുറകില്‍ തോക്കേന്തിയ രണ്ടുപേരെയും കാണാം. ഇരുവരുടെയും മൃതദേഹങ്ങള്‍ നിലത്തു കിടക്കുന്നതാണ് പ്രചരിക്കുന്ന രണ്ടാമത്തെ ചിത്രത്തിലുള്ളത്. പെണ്‍കുട്ടിയെ കൊലപ്പെടുത്തുന്നതിനു മുമ്പ് മാനഭംഗപ്പെടുത്തിയോ എന്നതുൾപ്പെടെ അന്വേഷിക്കണമെന്ന് പ്രക്ഷോഭകർ ആവശ്യപ്പെട്ടു. ഇരകൾക്കു നീതി വേണമെന്ന ആവശ്യവും അവർ ഉയർത്തി.
അതേസമയം പ്രശ്നത്തിൽ സംയമനം പാലിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ അഭ്യർഥന. കേസ് ഇതിനകം സിബിഐക്കു കൈമാറിയതാണ്. സംഭവത്തിനു പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ സംസ്ഥാന പോലീസും കേന്ദ്ര അന്വേഷണ ഏജൻസികളും ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
കുട്ടികളെ കണ്ടെത്താനായില്ലെന്നായിരുന്നു നേരത്തേ പോലീസ് നൽകിയ വിശദീകരണം. ഇരുവരുടെയും മൊബൈൽ ഫോണുകൾ പ്രവർത്തനരഹിതമാണ്. ചുരാചന്ദ്പുരിലെ ടൂറിസം കേന്ദ്രമായ ലാംഡനിലാണ് മൊബൈലിൽനിന്നുള്ള സിഗ്നലുകൾ അവസാനമായി ലഭിച്ചതെന്നും പോലീസ് പറഞ്ഞിരുന്നു.