ശ്രീധരൻപിള്ള ജനസേവനത്തിന്റെ ഉത്തമ മാതൃക: മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ
Friday, September 22, 2023 3:59 AM IST
പനാജി: യഥാർഥ ക്രിസ്തുസ്നേഹം കാരുണ്യവും അശരണസേവനവുമാണെന്ന യാഥാർഥ്യം പ്രവൃത്തിപഥത്തിലെത്തിച്ച ഭരണാധികാരിയാണ് ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ളയെന്ന് ബസേലിയസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ പറഞ്ഞു.
ഒറീസയിലെ എഎസ്ബിഎം സർവകലാശാല ഡി ലിറ്റ് നൽകി ആദരിച്ച ശ്രീധരൻപിള്ളയെ ഗോവ രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഓർത്തഡോക്സ് സഭയ്ക്കുവേണ്ടി പൊന്നാട അണിയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ ഗവർണർ ശ്രീധരൻപിള്ള രചിച്ച ലേഖനസമാഹാരം "ദി കണ്ടംപററി സ്പീച്ചസ്' സംസ്ഥാന ഗതാഗത മന്ത്രി മൗവിൻ ഗുഡിനൊയ്ക്ക് ആദ്യപ്രതി നൽകി കാതോലിക്ക ബാവ പ്രകാശനം ചെയ്തു. തന്റെ യാത്രകളും പൊതുസമൂഹത്തിലേക്ക് ഇറങ്ങിച്ചെന്നുള്ള പ്രവർത്തനവുമാണ് പുസ്തകരചനയ്ക്കുള്ള പ്രേരണയെന്ന് മറുപടിപ്രസംഗത്തിൽ ഗവർണർ ശ്രീധരൻ പിള്ള പറഞ്ഞു. രാജ്ഭവൻ പ്രസിദ്ധീകരണങ്ങളെക്കുറിച്ച് ഗവർണറുടെ സ്പെഷൽ ഓഫീസർ മിഹിർ വർധൻ വിശദീകരിച്ചു. ഓർത്തോഡക്സ് സഭാ സെക്രട്ടറി ബിജു ഉമ്മൻ പ്രസംഗിച്ചു.
ബിഷപ്പുമാരായ യൂഹാനോൻ മാർ ഡയോസ്പോസ്, യൂഹാനോൻ മാർ ദിമിത്രോസിസ്, യൂഹാനോൻ മാർ തിയോഡോർസോസ്, യാക്കോബ് മാർ ഏലിയാസ്, ജോഷ്വ മാർ നിക്കോദിമോസ്, ഗീവർഗീസ് മാർ ഫിലിക്സ്നോസ്, ഫാ. വർഗീസ് ഫിലിപ്പോസ് എന്നിവരെ ചടങ്ങിൽ ഗവർണർ ആദരിച്ചു. രാജ്ഭവൻ സെക്രട്ടറി എം.ആർ.എം. റാവു സ്വാഗതവും പ്രിൻസിപ്പൽ പ്രൈവറ്റ് സെക്രട്ടറി ടി.എച്ച്. വത്സരാജ് നന്ദിയും പറഞ്ഞു.