കനേഡിയൻ നയതന്ത്രജ്ഞനെ ഇന്ത്യ പുറത്താക്കി
Wednesday, September 20, 2023 1:45 AM IST
ന്യൂഡൽഹി: ഖലിസ്ഥാൻ ടൈഗർ ഫോഴ്സ് മേധാവി ഹർദീപ് സിംഗ് നിജ്ജാർ വെടിയേറ്റു കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കിയ കാനഡയുടെ നടപടിയിൽ തിരിച്ചടി നൽകി ഇന്ത്യ.
ഇന്ത്യയിലെ കനേഡിയൻ ഹൈക്കമ്മീഷണർ കാമറൂണ്‍ മാക്കെയയെ വിദേശകാര്യ ആസ്ഥാനത്തേക്കു വിളിച്ചുവരുത്തിയാണ് ഇന്ത്യ നടപടി അറിയിച്ചത്. ഇന്ത്യയിലെ ഉന്നത കനേഡിയൻ ഉദ്യോഗസ്ഥനെ പുറത്താക്കാൻ ഇന്ത്യൻ സർക്കാർ തീരുമാനിച്ചെന്നും അടുത്ത അഞ്ചു ദിവസത്തിനകം ഉദ്യോഗസ്ഥൻ രാജ്യം വിടണമെന്നും ഹൈക്കമ്മീഷണറെ അറിയിച്ചു.
കനേഡിയൻ ഉദ്യോഗസ്ഥർ ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നതിനാലും ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കുള്ളതിനാലുമാണ് നടപടിയെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
കാനഡയിലെ റിസർച്ച് ആൻഡ് അനാലിസിസ് വിങ് (റോ) തലവൻ പവൻ കുമാർ റായിയെ പുറത്താക്കിയതിന്റെ മറുപടിയായാണ് ഇന്ത്യയിലെ ഉന്നത കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥനെ ഉടൻ ഇന്ത്യ പുറത്താക്കിയത്. ഹർദീപ് സിങിന്റെ കൊലപാതകത്തിനു പിന്നിൽ ഇന്ത്യൻ ഏജന്റുമാരാണെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു.