കാമുകിയെ കൊന്ന് മാൻഹോളിൽ തള്ളിയ പൂജാരി അറസ്റ്റിൽ
Saturday, June 10, 2023 12:13 AM IST
ഹൈദരാബാദ്: കാമുകിയെ കൊന്നശേഷം മൃതദേഹം മാൻഹോളിൽ തള്ളിയ ക്ഷേത്രപൂജാരി അറസ്റ്റിൽ. അപ്സര എന്ന യുവതിയെ കൊലപ്പെടുത്തിയതിനാണു പൂജാരി സായ് കൃഷ്ണ അറസ്റ്റിലായത്. തന്നെ വിവാഹം കഴിക്കണമെന്നും ഇല്ലെങ്കിൽ പൂജാരിയുമായുള്ള ബന്ധം വെളിപ്പെടുത്തുമെന്നും അപ്സര പറഞ്ഞിരുന്നു. ഇതോടെയാണു സായ് കൃഷ്ണ കാമുകിയെ കൊലപ്പെടുത്താൻ തീരുമാനിച്ചത്.
ജൂൺ മൂന്നിന് യുവതിയെ വീട്ടിൽനിന്നു കാറിൽ കൂട്ടിക്കൊണ്ടു വന്ന് കൊലപ്പെടുത്തിയശേഷം മൃതദേഹം മാൻഹോളിൽ തള്ളി. ഇതിനിടെ അപ്സരയെ കാണാനില്ലെന്ന് അമ്മയെക്കൊണ്ട് പോലീസിൽ പരാതിയും കൊടുപ്പിച്ചു.
ജൂൺ ആറിന് സായ് കൃഷ്ണ രണ്ടു ലോഡ് മണ്ണ് മാൻഹോളിനു മുകളിലിട്ടു. അപ്സരയുടെ ഹാൻഡ്ബാഗും ലഗേജും കത്തിച്ചു. തുടർന്ന് കാർ കഴുകിയശേഷം താമസസ്ഥലത്തേക്കു കൊണ്ടുപോയി. തൊട്ടടുത്ത ദിവസം, മൃതദേഹം തള്ളിയ സ്ഥലത്ത് സായ്കൃഷ്ണയെത്തി.
ദുർഗന്ധം വമിച്ചത് ശ്രദ്ധയിൽപ്പെട്ട ഇയാൾ ഏതാനും തൊഴിലാളിക്കൊണ്ട് മാൻഹോൾ കോൺക്രീറ്റ്കൊണ്ട് മൂടി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്നു പോലീസിനു പ്രതിയെ തിരിച്ചറിയാനായി. ചോദ്യംചെയ്യലിൽ സായ്കൃഷ്ണ കുറ്റം സമ്മതിച്ചു.