ദേശീയ റാങ്കിംഗിൽ അഞ്ചാം തവണയും മദ്രാസ് ഐഐടിക്ക് ഒന്നാംസ്ഥാനം
Tuesday, June 6, 2023 12:39 AM IST
ന്യൂഡൽഹി: രാജ്യത്തെ മികച്ച വിദ്യാഭ്യാസസ്ഥാപനമെന്ന അംഗീകാരം തുടർച്ചയായ അഞ്ചാം തവണയും കരസ്ഥമാക്കി മദ്രാസ് ഐഐടി.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്) ബംഗളൂരു, ഐഐടി ഡൽഹി എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം വിലയിരുത്തുന്ന കേന്ദ്ര വിഭ്യാഭ്യാസ മന്ത്രാലയത്തിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് (എൻഐആർഎഫ്) 2023ലെ റാങ്ക് പട്ടികയാണു പ്രസിദ്ധീകരിച്ചത്.
സർവകലാശാലകളുടെ വിഭാഗത്തിൽ ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് മികച്ച സർവകലാശാലയായി തെരഞ്ഞെടുക്കപ്പെട്ടു. ജവഹർലാൽ നെഹ്റു സർവകലാശാലയും ജാമിയ മില്ലിയ ഇസ്ലാമിയയും യഥാക്രമം രണ്ടും മൂന്നും റാങ്കുകൾ നേടി. ബനാറസ് ഹിന്ദു സർവകലാശാലയാണ് നാലാം സ്ഥാനത്ത്.
കേരള സർവകലാശാല 24-ാം സ്ഥാനത്തും എംജി സർവകലാശാല 31-ാം സ്ഥാനത്തുമാണ്. കുസാറ്റ് (കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി) 37-ാം സ്ഥാനവും കാലിക്കട്ട് സർവകലാശാല 70-ാം സ്ഥാനവുമാണ് നേടിയത്.
കേരളത്തിൽനിന്നുള്ള 14 കോളജുകളാണ് എൻഐആർഎഫിന്റെ റാങ്ക് പട്ടികയിൽ ഇടം നേടിയത്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് (26), രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസസ് (30), എറണാകുളം സെന്റ് തെരേസാസ് കോളജ് (41), തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ് (45), എറണാകുളം മഹാരാജാസ് കോളജ് (46), മാവേലിക്കര ബിഷപ് മൂർ കോളജ് (51), തൃശൂർ സെന്റ് തോമസ് കോളജ് (53), ചങ്ങനാശേരി എസ്ബി കോളജ് (54), കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളജ് (59), തേവര സേക്രഡ് ഹാർട്ട് കോളജ് (72), തിരുവനന്തപുരം വിമൻസ് കോളജ് (75), ആലുവ യുസി കോളജ് (77), കോട്ടയം സിഎംഎസ് കോളജ് (85), കോതമംഗലം മാർ അത്തനേഷ്യസ് കോളജ് (87) എന്നിവയാണ് കേരളത്തിൽനിന്ന് എൻഐആർഎഫ് റാങ്ക് പട്ടികയിൽ ഇടം നേടിയ കോളജുകൾ.
ഓവറോൾ, യൂണിവേഴ്സിറ്റി, കോളജ്, റിസർച്ച് ഇൻസ്റ്റിറ്റ്യൂഷൻസ്, എൻജിനിയറിംഗ്, മാനേജ്മെന്റ്, ഫാർമസി, മെഡിക്കൽ, ഡെന്റൽ, ലോ, കൃഷി, ആർക്കിടെക്ച്ചർ എന്നിങ്ങനെ 13 വിഭാഗങ്ങളിലാണ് റാങ്കുകൾ. ഡൽഹി സർവകലാശാലയുടെ കീഴിലുള്ള മിറാൻഡ ഹൗസ് തുടർച്ചയായി ഏഴാം തവണയും മികച്ച കോളജായി തെരഞ്ഞെടുക്കപ്പെട്ടു.