കുരുതിക്കളമായി മണിപ്പുർ; നിരവധി മരണം, നൂറുകണക്കിനു വീടുകൾക്കു തീവച്ചു
Monday, May 29, 2023 1:10 AM IST
ഇംഫാൽ: മണിപ്പുരിനെ കുരുതിക്കളമാക്കി കലാപം വ്യാപിക്കുന്നു. മലയോര മേഖലയിൽനിന്നുള്ള കുക്കികളും സംസ്ഥാനത്തെ ഭൂരിപക്ഷമായ മെയ്തേയ് വിഭാഗക്കാരും തമ്മിലുള്ള സംഘർഷവും സുരക്ഷാസേനയുടെ ഇടപെടലും മൂലം ഇന്നലെ അന്പതോളം പേർക്കു ജീവൻ നഷ്ടമായി. നൂറുകണക്കിനു വീടുകൾക്കു തീവച്ചു. സമാധാനം ആവശ്യപ്പെട്ട് സ്ത്രീകൾ പലയിടത്തും തെരുവിലാണ്.
സംഘർഷത്തിലും സുരക്ഷാസേനയുടെ വെടിവയ്പിലും പരിക്കേറ്റവർ നിരവധിയാണ്. പതിനാല് ഇടങ്ങളിൽ വെടിവയ്പ് നടന്നതായാണ് ഏകദേശകണക്ക്. ഉറിപോക്കിൽ ഒരുസംഘം ആളുകൾ ബിജെപി എംഎൽഎ രഘുമണിയുടെ വീട് ആക്രമിച്ചു. എംഎൽഎയുടെ വസതിക്കു തീയിട്ട അക്രമികൾ നാട്ടുകാരെയും വെറുതെ വിട്ടില്ല.
പർവതമേഖലകളിൽനിന്നുള്ള തീവ്രവാദികൾ മാരകായുധങ്ങളുമായി താഴ്വരയിൽ കൂട്ടത്തോടെ ആക്രമണം അഴിച്ചുവിടുകയാണെന്നാണ് സർക്കാർ പ്രചാരണം. ഇംഫാൽ വെസ്റ്റ് ജില്ലയിലെ ഫയെങിൽ ഗ്രാമവാസിയെ അക്രമികൾ വധിച്ചു. മറ്റൊരാൾ വെടിയേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. സുരക്ഷ ആവശ്യപ്പെട്ട് താഴ്വരയിലെ സ്ത്രീകൾ തെരുവുകളിൽ പ്രതിഷേധത്തിലാണ്. നാപാത്, സമീപജില്ലയായ കക്ചിംഗിലെ സുഗ്നു എന്നിവിടങ്ങളിലായി മെയ്തേയ് വിഭാഗക്കാരുടെ എൺപതിലേറെ വീടുകൾക്കു തീയിട്ടു. ഞായറാഴ്ച പുലർച്ചയോടെയായിരുന്നു ആക്രമണം. ഗ്രാമവാസികൾ അന്യസ്ഥലങ്ങളിലേക്കു പലായനം ചെയ്യുകയായിരുന്നു.
സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന പോലീസുകാരും കലാപകാരികളുമായി പലയിടത്തും കനത്ത വെടിവയ്പുമുണ്ടായി. സുഗ്നുവിൽ ഒരു പോലീസുകാരൻ കൊല്ലപ്പെട്ടു. മറ്റൊരു സേനാംഗത്തിനു വെടിയേറ്റു. മണിപ്പുർ താഴ്വരയുടെ മറുഭാഗത്തും കുക്കികൾ ആക്രമണം നടത്തി. ഇംഫാൽ ഈസ്റ്റ് ജില്ലയിലെ യിങ്ങങ്പോക്പി താഴ്വരയിൽ രണ്ടുവീടുകൾക്കു തീവച്ചു. ഗ്രാമീണർക്കു നേരേ വെടിയുതിർക്കുകയും ചെയ്തു. പ്രദേശത്തെ ജനങ്ങൾ സംഘടിച്ച് കുക്കികളെ നേരിട്ടതോടെ കലാപം കനത്തു. നിരവധിപ്പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.
ഇംഫാൽ വെസ്റ്റ് ജില്ലയിൽ താഴ്വരയുടെ വടക്കൻ മേഖലയായ സിക്മായിയും കനത്ത പോരാട്ടത്തിന് സാക്ഷിയായി. സർക്കാരുമായി സമാധാന ഉടന്പടിയിലെത്തിയ കുക്കി തീവ്രവാദികൾ ഉൾപ്പെടെ സംഘം മെയ്തേയ് വിഭാഗക്കാരെ ആക്രമിക്കുകയും വീടുകൾക്കു തീവയ്ക്കുകയുമാണെന്നാണ് പ്രചാരണം.
അതേസമയം, മണിപ്പുരിൽ സമാധാനം ലക്ഷ്യമിട്ട് ഡൽഹിയിലെത്തിയ പ്രതിനിധിസംഘത്തിന് കേന്ദ്രനേതാക്കളുമായി കൂടിക്കാഴ്ചയ്ക്കുപോലും ഇതുവരെ അവസരം ലഭിച്ചിട്ടില്ല. കരസേനാ മേധാവി മനോജ് പാണ്ഡെ സംസ്ഥാനത്ത് തുടരുകയാണ്. നാളെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മണിപ്പുരിലെത്തും.
നാൽപതോളം കുക്കികളെ വധിച്ചെന്ന് മുഖ്യമന്ത്രി
ആയുധധാരികളായ നാല്പതിലധികം കലാപകാരികളെ സുരക്ഷാസേന വധിച്ചതായി മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ്. വീടുകൾക്കു തീവയ്ക്കുകയും ജനക്കൂട്ടത്തെ വെടിവയ്ക്കുകയും ചെയ്തവരെയാണ് വകവരുത്തിയത്- മുഖ്യമന്ത്രി പറഞ്ഞു.
രണ്ട് വിഭാഗങ്ങൾ തമ്മിലല്ല കുക്കികളും സുരക്ഷാസേനയും തമ്മിലാണ് ഏറ്റുമുട്ടൽ. എകെ 47, എം 16 ഉൾപ്പെടെ തോക്കുകൾ ഉപയോഗിച്ചാണ് തീവ്രവാദികൾ വെടിയുതിർക്കുന്നത്. ഇവർക്കെതിരേയാണു സുരക്ഷാസേനയുടെ പ്രത്യാക്രമണം. സുരക്ഷാസേനയുടെ നീക്കം തടസപ്പെടുത്തരുതെന്നും സർക്കാരിൽ വിശ്വാസമർപ്പിക്കണമെന്നും സെക്രട്ടേറിയറ്റിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കവേ അദ്ദേഹം പറഞ്ഞു.