തത്കാലം "കന്പം' കഴിഞ്ഞു, കൊന്പൻ കാടുകയറി
Monday, May 29, 2023 1:10 AM IST
കന്പം (തമിഴ്നാട്): ശനിയാഴ്ച മുഴുവൻ കന്പം നഗരത്തെ പരിഭ്രാന്തിയിലാക്കിയ അരിക്കൊന്പൻ ഒടുവിൽ കാടുകയറി. ഇതോടെ മയക്കുവെടി വച്ചു പിടികൂടാനുള്ള ശ്രമം തമിഴ്നാട് സർക്കാർ താത്കാലികമായി ഉപേക്ഷിച്ചു.
ഇന്നലെ രാത്രിവരെ കന്പത്ത് കൃഷി സ്ഥലത്തു നിലയുറപ്പിച്ചിരുന്ന കാട്ടാനയെ പിടികൂടാൻ മയക്കുവെടി വിദഗ്ധരെയും കുങ്കിയാനകളെയും തമിഴ്നാട് സർക്കാർ കന്പത്ത് എത്തിച്ചിരുന്നു. പുലർച്ചെ ആന കാടുകയറിയതോടെ മയക്കുവെടി വയ്ക്കാനുള്ള നീക്കം ഉപേക്ഷിക്കുകയായിരുന്നു. അതേസമയം, ആന ജനവാസ മേഖലയിലിറങ്ങിയാൽ മയക്കുവെടിവച്ചു പിടികൂടുമെന്ന് തമിഴ്നാട് വനം മന്ത്രി അറിയിച്ചു.
ഇന്നലെ പുലർച്ചെ കന്പത്തുനിന്നു കൃഷിയിടങ്ങളിലൂടെ ചുരുളി വെള്ളച്ചാട്ട മേഖലയിലേക്കു നീങ്ങിയ അരിക്കൊന്പൻ വനത്തിനുള്ളിലേക്കു കയറുകയായിരുന്നു. മേഘമല ഭാഗത്തേക്കു നീങ്ങിയ ആന തേക്കടി വനമേഖലയിൽ തിരിച്ചെത്തിയതായാണ് സൂചന.