ആളിക്കത്തി പ്രതിഷേധം; ഗുസ്തി താരങ്ങളുടെ പാർലമെന്റ് മാർച്ച് പോലീസ് തടഞ്ഞു
Monday, May 29, 2023 1:10 AM IST
ന്യൂഡൽഹി: ലൈംഗിക ആരോപണവിധേയനായ ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണ് ശരണ് സിംഗിനെ അറസ്റ്റ് ചെയ്യാത്തതിൽ രാജ്യതലസ്ഥാനത്ത് പ്രതിഷേധം ആളിക്കത്തി. ഗുസ്തി താരങ്ങളും സമരത്തിനു പിന്തുണയുമായെത്തിയവരും പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് നടത്തിയ മാർച്ച് പോലീസ് തടഞ്ഞു.
ജന്തർ മന്തറിൽ ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ച പ്രതിഷേധക്കാർക്കുനേരെ പോലീസ് ബലപ്രയോഗം നടത്തി. സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ്രംഗ് പൂനിയ തുടങ്ങിയ ഗുസ്തി താരങ്ങളെ വലിച്ചിഴച്ചാണു പോലീസ് കസ്റ്റഡിയിലെടുത്തത്. പുതിയ പാർലമെന്റ് മന്ദിരത്തിനു മുന്നിൽ “മഹിളാ മഹാ പഞ്ചായത്ത്’ നടത്തി പ്രതിഷേധിക്കുമെന്ന് ഗുസ്തിതാരങ്ങൾ വ്യക്തമാക്കിയിരുന്നു. പ്രതിഷേധം നടക്കുന്ന ജന്തർ മന്തറിൽനിന്ന് രണ്ടു കിലോമീറ്റർ അകലെയാണ് പുതിയ പാർലമെന്റ് മന്ദിരം. പീഡനക്കേസിൽ ആരോപണവിധേയനായ ബ്രിജ് ഭൂഷണ് പുതിയ പാർലമെന്റ് മന്ദിരത്തിനകത്ത് ഇരിക്കുന്പോൾ തങ്ങൾക്ക് തെരുവിൽ സമരം ചെയ്യേണ്ടിവരുന്നുവെന്ന് സമരക്കാർ ചൂണ്ടിക്കാട്ടി.
ബ്രിജ് ഭൂഷണിന്റെ ഡൽഹിയിലെ വീടിനു മുന്നിലും പോലീസ് സുരക്ഷയൊരുക്കിയിരുന്നു. സമരക്കാരെ തടഞ്ഞതിനു സമീപമാണ് ബ്രിജ് ഭൂഷണിന്റെ വസതി. പാർലമെന്റ് ഉദ്ഘാടനച്ചടങ്ങിനിടെ പ്രതിഷേധസാധ്യത കണക്കിലെടുത്ത് നേരത്തെതന്നെ സുരക്ഷ ശക്തമാക്കിയിരുന്നു.
പാർലമെന്റ് മന്ദിരത്തിനു ചുറ്റിലും സമീപ പ്രദേശങ്ങളിലുമായി ആയിരക്കണക്കിന് പോലീസുകാരെയാണു വിന്യസിച്ചത്. പ്രധാനമന്ത്രിക്കെതിരേ പ്രതിഷേധങ്ങളുയരാൻ സാധ്യതയുണ്ടെന്ന രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലാണു സുരക്ഷ വർധിപ്പിച്ചത്. മേഖലയിൽ ഡ്രോണ് നിരീക്ഷണവും സിസിടിവി നിരീക്ഷണവും സജ്ജമാക്കിയിരുന്നു. ജന്തർ മന്തറിൽ പോലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ മറികടന്നാണ് ഗുസ്തിതാരങ്ങൾ മാർച്ച് നടത്തിയത്. ഗുസ്തിതാരങ്ങളെ അറസ്റ്റ് ചെയ്തു നീക്കിയ പോലീസ് സമരവേദി പൂർണമായും ഒഴിപ്പിച്ചു.