പുതിയ പാർലമെന്റ് മന്ദിരം: ചടങ്ങുകൾ ആരംഭിച്ചത് രാവിലെ 7.30ന്
സ്വന്തം ലേഖകൻ
Monday, May 29, 2023 1:10 AM IST
ന്യൂഡൽഹി: ഇന്നലെ രാവിലെ 7.30 ഓടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ പൂജാദികർമങ്ങളോടെയാണ് ഉദ്ഘാടനച്ചടങ്ങുകൾ ആരംഭിച്ചത്.
പാർലമെന്റ് വളപ്പിലെ ഗാന്ധിപ്രതിമയ്ക്കു സമീപം നടന്ന പൂജാകർമങ്ങളിൽ പ്രധാനമന്ത്രിക്കു പുറമേ ലോക്സഭാ സ്പീക്കർ, രാജ്യസഭ ഉപാധ്യക്ഷൻ എന്നിവർ പങ്കെടുത്തു. തുടർന്ന് പ്രധാനമന്ത്രി ലോക്സഭാ മന്ദിരത്തിൽ പ്രവേശിച്ചു.
ഒന്പതിന് ലോക്സഭാ സ്പീക്കറുടെ ഇരിപ്പിടത്തിനരികിലായി ചെങ്കോൽ സ്ഥാപിച്ചു. 9.30ന് പാർലമെന്റ് ലോബിയിൽ നടന്ന സർവമത പ്രാർഥനയോടെ ഉദ്ഘാടനത്തിന്റെ ആദ്യഘട്ടം പൂർത്തിയായി.
പിന്നാലെ 11.30ന് ഉദ്ഘാടനത്തിൽ പങ്കെടുക്കുന്നതിന് വിശിഷ്ടാതിഥികളും പ്രധാനമന്ത്രിയും പാർലമെന്റിൽ എത്തിച്ചേർന്നു. ദേശീയഗാനത്തിനു പിന്നാലെ രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ് റായ് പാർലമെന്റിൽ പ്രസംഗിച്ചു. തുടർന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെയും ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിന്റെയും സന്ദേശങ്ങളും ഉപാധ്യക്ഷൻ പാർലമെന്റിൽ പങ്കുവച്ചു. പാർലമെന്റിന്റെ ചരിത്രവും പാർലമെന്റ് പ്രസംഗങ്ങളും ഉൾപ്പെടുത്തിയുള്ള ഹ്രസ്വചിത്രങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു.
ലോക്സഭാ സ്പീക്കർ ഓം ബിർളയുടെ പ്രസംഗത്തിനു പിന്നാലെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തെ സൂചിപ്പിക്കുന്ന 75 രൂപ നാണയം പ്രധാനമന്ത്രി പ്രകാശനം ചെയ്തു. തമിഴ്നാട്ടിൽനിന്ന് തിരുവാവത് തുറൈ മഠം ഉൾപ്പെടെ 21 മഠങ്ങളുടെ പ്രതിനിധികളും ചെങ്കോൽ നിർമിച്ചുനൽകിയെന്ന് അവകാശപ്പെടുന്ന ആഭരണനിർമാതാക്കളായ വുമ്മിടി ബങ്കാരു കുടുംബത്തിന്റെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.