രാജ്യത്തെ യുവാക്കളിൽ പകുതിയോളം പേർ തൊഴിൽരഹിതർ
Monday, May 29, 2023 12:12 AM IST
ന്യൂഡൽഹി: രാജ്യത്ത് യുവാക്കൾക്കിടയിൽ തൊഴിലില്ലായ്മ രൂക്ഷമാകുന്നതായി റിപ്പോർട്ട്. 2022 ഡിസംബറിലെ കണക്കുപ്രകാരം രാജ്യത്തെ ജനസംഖ്യയിൽ 40 ശതമാനവും 25 വയസിൽ താഴെയുള്ളവരാണെന്നിരിക്കെ ഇതിൽ 45.8 ശതമാനവും തൊഴിൽരഹിതരാണെന്നാണു മുംബൈ ആസ്ഥാനമായുള്ള സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമി എന്ന സ്വതന്ത്ര ഏജൻസി നടത്തിയ പഠനത്തിലുള്ളത്.
പ്രായംചെന്നവർ കൂടുതലുള്ള ചൈനയിൽ അവർക്കായി മതിയായ തൊഴിലാളികളില്ലെന്നതാണു അവസ്ഥയെങ്കിൽ ഇതിനു വിപരീതമായി ഇന്ത്യയിൽ പെരുകിക്കൊണ്ടിരിക്കുന്ന തൊഴിലാളികൾക്കെല്ലാം മതിയായ തൊഴിലവസരങ്ങളില്ലെന്നതാണു യാഥാർത്ഥ്യം. ഇതുസംബന്ധിച്ച വിശദമായ റിപ്പോർട്ട് ടൈം മാസികയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യയിൽ തൊഴിലില്ലായ്മ പെരുകിക്കൊണ്ടിരിക്കുന്ന അവസ്ഥയെ ടൈം ബോംബിനോട് ഉപമിച്ച ചില വിദഗ്ധർ, കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചില്ലെങ്കിൽ അതു സാമൂഹ്യ അസ്വാസ്ഥ്യങ്ങൾക്കിടയാക്കുമെന്ന് മുന്നറിയിപ്പ് നൽകുന്നു.
ജനസംഖ്യ വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ തൊഴിൽരംഗത്ത് മത്സരക്ഷമത വർധിക്കുകയാണെന്നും അതു തൊഴിലില്ലായ്മ പ്രശ്നം കൂടുതൽ വഷളാക്കുമെന്നും വിദഗ്ധർ പറയുന്നു. ഇന്ത്യയിൽ യുവാക്കൾക്കിടയിലുള്ള തൊഴിലില്ലായ്മനിരക്ക് ഏറെ ഞെട്ടിക്കുംവിധം ഉയരത്തിലാണെന്നാണ് കേന്ദ്രസർക്കാരിന്റെ മുൻ മുഖ്യ സാന്പത്തിക ഉപദേഷ്ടാവും നിലവിൽ കൊർനെൽ യൂണിവേഴ്സിറ്റിയിലെ സാന്പത്തികശാസ്ത്ര വിഭാഗം പ്രഫസറുമായ കൗശിക് ബസു പറയുന്നത്. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ 15 വർഷമായി പതുക്കെ ഉയർന്നുവരികയായിരുന്നുവെന്നും എന്നാൽ കഴിഞ്ഞ എട്ടുവർഷത്തിനിടെ ക്രമാതീതമായി വർധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.