കോണ്‍ഗ്രസിന് ചരിത്രത്തോട് അവജ്ഞയെന്ന് അമിത് ഷാ
Saturday, May 27, 2023 1:28 AM IST
ന്യൂഡൽഹി: ചെങ്കോലിന്റെ ചരിത്രപ്രാധാന്യത്തെ തള്ളിപ്പറയുന്ന കോണ്‍ഗ്രസിന് ഭാരതീയ സംസ്കാരത്തോട് അവജ്ഞയെന്നു അമിത് ഷാ. അധികാര കൈമാറ്റത്തെ പ്രതിനിധീകരിച്ചു കൈമാറിയ ചെങ്കോൽ അലഹാബാദിലെ മ്യൂസിയത്തിൽ കോണ്‍ഗ്രസ് വെറും കാഴ്ചവസ്തുവാക്കിയെന്നും ചെങ്കോലിനെ ഊന്നുവടിയായി തരം താഴ്ത്തിയെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.
ചെങ്കോൽ നിർമിച്ചുനൽകിയത് രാജാജിയുടെ നിർദേശപ്രകാരമാണെന്നു തിരുവാത് തുറൈ മഠം ഔദ്യോഗികമായി സ്ഥിരീകരിച്ചതാണെന്നും ഇതിനെയാണു കോണ്‍ഗ്രസ് പൊള്ളയായ അവകാശവാദമെന്ന് പറയുന്നതെന്നും അമിത് ഷാ കുറ്റപ്പെടുത്തി.
അതേസമയം, കോണ്‍ഗ്രസ് നേതാവിന്റെ ആരോപണം മഠത്തിന്റെ വിശ്വാസ്യതയെയാണു ചോദ്യം ചെയ്യുന്നതെന്നും രാജാജിയുടെ ക്ഷണം സ്വീകരിച്ച് അധികാര കൈമാറ്റത്തിൽ പങ്കെടുത്തതിന്റെ തെളിവുകൾ ലഭ്യമാണെന്നും രാഷ്ട്രീയലക്ഷ്യങ്ങളോടെ ചരിത്രവസ്തുതകളെ തള്ളിപ്പറയുന്നത് നിർഭാഗ്യകരമാണെന്നും വിവരിച്ച് മഠം ഔദ്യോഗിക പ്രസ്താവനയിറക്കി.