അമൃത്പാൽ സിംഗ് ഡൽഹിയിൽ ഉണ്ടെന്നു സൂചന
Wednesday, March 29, 2023 12:42 AM IST
ചണ്ഡിഗഡ്: ഖാലിസ്ഥാൻ വിഘടനവാദി നേതാവും വാരിസ് പഞ്ചാബ് ദേയുടെ തലവനുമായ അമൃത്പാൽ സിംഗ് ഡൽഹിയിൽ ഉണ്ടെന്നു സൂചന.
അമൃത്പാൽ സിംഗിന്റെയും സഹായിയുടേതെന്നും കരുതുന്ന പുതിയ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഡൽഹി മാർക്കറ്റ് പരിസരത്തുനിന്നുള്ളതാണ് തീയതി വ്യക്തമല്ലാത്ത ദൃശ്യങ്ങൾ. കറുത്ത കണ്ണട ധരിച്ച അമൃത്പാൽ സിംഗിനൊപ്പം ബാഗുമായി പപാൽപ്രീത് സിംഗും നടന്നുനീങ്ങുന്നതാണ് ദൃശ്യത്തിലുള്ളത്.
പുതിയ ദൃശ്യത്തെക്കുറിച്ച് പഞ്ചാബ് പോലീസ് ഇതുവരെ വിശദീകരിച്ചിട്ടില്ല. പാക് രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്ഐയുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന പപാൽപ്രീത് സിംഗാണ് ഖാലിസ്ഥാൻ വിഘടനവാദം ഉയർത്തുന്ന അമൃത്പാൽ സിംഗിനെ സഹായിക്കുന്നതെന്നാണ് പോലീസ് നിഗമനം.
അതിനിടെ, അമൃത്പാലിനെ ഉടൻ പിടികൂടുമെന്ന് പഞ്ചാബ് സർക്കാർ ഹൈക്കോടതിയെ ബോധിപ്പിച്ചു. വിവിധ അന്വേഷണ ഏജൻസികളെ ഏകോപിപ്പിച്ചുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഡിജിപി കോടതിയിൽ വ്യക്തമാക്കി. അമൃത്പാലിനെ പോലീസ് കസ്റ്റഡിയിലെടുത്തുവെന്നു ചൂണ്ടിക്കാട്ടി ഒരു അഭിഭാഷകൻ നൽകിയ ഹേബിയസ് കോർപസ് ഹർജിയിലാണ് സർക്കാരിന്റെ മറുപടി.
അതേസമയം, അമൃത്പാൽ സിംഗുമായി ബന്ധമുണ്ടെന്ന പേരിൽ കരുതൽതടങ്കലിൽ ആയവരിൽ ദേശവിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെടാത്തവരെ മോചിപ്പിക്കാൻ ഡിജിപിക്കു നിർദേശം നൽകിയതായി മുഖ്യമന്ത്രി ഭഗ്വന്ത് മൻ അറിയിച്ചു. എന്നാൽ, ക്രമസമാധാനം തകർക്കാനുള്ള ശ്രമത്തിനെതിരേ കർക്കശ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.